സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഡിസംബർ 13-ന് അറിയാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറച്ച് കണക്കുകൾ അറിയാം.
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറികളിലെത്തി നിൽക്കുകയാണ് നമ്മൾ. ഡിസംബർ 9 ന് തെക്കൻ ജില്ലകൾ ആദ്യ ഘട്ടമായും 11ന് വടക്കൻ ജില്ലകൾ രണ്ടാം ഘട്ടമായുമാണ് ജനങ്ങൾ വിധിയെഴുതുന്നത്. തെക്കൻ ജില്ലകളെ സംബന്ധിച്ച് ഇന്ന് കൊട്ടിക്കലാശമാണ്. നാളെ നിശബ്ദ പ്രചരണം കഴിഞ്ഞാൽപ്പിന്നെ വിധിയെഴുത്താണ്. അതേ സമയം, വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പിന് ഇനി 3 നാൾ കൂടി ബാക്കിയുണ്ട്. തെരഞ്ഞെടുപ്പിനെ ആവേശപൂർവ്വം വരവേൽക്കുകയാണ് മുന്നണികൾ. ഡിസംബർ 13 ന് വോട്ടെണ്ണൽ തീരുന്നതോടെ, വരുന്ന അഞ്ച് വർഷത്തേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതകളെ അറിയാം.
941 ഗ്രാമപഞ്ചായത്തുകളിൽ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിൽ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിൽ 3205 വാർഡുകൾ, 6 കോർപറേഷനുകളിൽ 421 വാർഡുകൾ ആണ് ഈ കൊച്ചു കേരളത്തിൽ വിധിയെഴുതാനിരിക്കുന്നത്. ഒക്ടോബർ 25 ലെ അന്തിമ വോട്ടർ പട്ടിക അനുസരിച്ച് 1,50,18,010 സ്ത്രീകളും, 1,34,12,470 പുരുഷന്മാരും, 281 ട്രാൻസ്‌ജെൻഡറുകളും വോട്ടർമാരാണെന്നാണ് കണക്ക്. അതായത്, ആകെ 2,84,30,761 വോട്ടർമാരാണ് ഈ കൊച്ചു കേരളത്തിലുള്ളത്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ സജ്ജീകരിച്ചിരിക്കുന്നത് 33,746 പോളിങ് സ്റ്റേഷനുകൾ ആണ്. ത്രിതല പഞ്ചായത്ത് വാർഡുകളിലേക്ക് വോട്ട് രേഖപ്പെടുത്താൻ പഞ്ചായത്തുകളിൽ - 28,127 ഉം, മുനിസിപ്പാലിറ്റികളിൽ - 3604 ഉം, കോർപറേഷനുകളിൽ- 2015 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഒരു വോട്ടർ പഞ്ചായത്ത് തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് മെഷീനുകളുടെ 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്.
ഇനി കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാം. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് ആയിരുന്നു മുൻതൂക്കം. 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 377 ഉം, എൻഡിഎക്ക് 22 സീറ്റും മറ്റുള്ളവ- 22 സീറ്റും നേടി. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ്- 108, യുഡിഎഫ്- 38, മറ്റുള്ളവ-- 6 ഇടങ്ങളിലും വിജയിച്ചു. 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ്- 11, യുഡിഎഫ്- 3 ഇടത്തും വിജയിച്ചു. 87 മുൻസിപ്പാലിറ്റികളിൽ എൽഡിഎഫിന് 43 സീറ്റും, യുഡിഎഫിന് 41 സീറ്റും, എൻഡിഎക്ക് 2 സീറ്റും ലഭിച്ചു. 6 കോർപ്പറേഷനുകളിൽ 5 ഉം എൽ എൽഡിഎഫ് പിടിച്ചപ്പോൾ ഒരെണ്ണം യുഡിഎഫ് നേടി.
ശബരിമല സ്വർണക്കൊള്ളയാണ് സി പി എമ്മിന് നേരെ കോൺഗ്രസും ബിജെപിയും ശക്തമായി ഉപയോഗിക്കുന്നതെങ്കിൽ, കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുള്ള ബലാത്സംഗ കേസുകളാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. തിരുവനന്തപുരത്തെ വാർഡ് കൗൺസിലറുടെ ആത്മഹത്യ, ആർഎസ്എസ് നേതാവിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടുവെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിന്റെ ആത്മഹത്യ തുടങ്ങിയവ ബിജെപിക്ക് നേരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടത്- വലത് പക്ഷങ്ങൾ.


