ചിതറയിലേത് കൊലപാതകം ആണെന്നതിൽ ആർക്കും സംശയം ഇല്ലല്ലോയെന്ന് ഇ പി ജയരാജൻ. കൊലപാതകത്തിന് പകയും വിദ്വേഷവും കാരണമായെന്നും കാരണം രാഷ്ട്രീയമെന്നും ജയരാജന്‍.

തിരുവനന്തപുരം: കൊല്ലം ചിതറയിലേത് കൊലപാതകം ആണെന്നതിൽ ആർക്കും സംശയം ഇല്ലല്ലോയെന്ന് മന്ത്രി ഇ പി ജയരാജൻ. കൊലപാതകത്തിന് പകയും വിദ്വേഷവും കാരണമായെന്നും ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. പെരിയ കൊലപാതകവും ഇത് പോലെ തന്നെ ആയിരുന്നുവെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു. 

ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോാപണം. പ്രതി ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്നും സിപിഎം പറയുന്നു. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തിയിരുന്നു. ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയത് പെരിയ ഇരട്ടക്കൊലകേസിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്‍റെ കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബം രംഗത്തുവന്നിരുന്നു. 

കപ്പ വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താബീവി വ്യക്തമാക്കി. തുടര്‍ന്നാണ് ബന്ധുക്കളുടെ വാദം ശരിവെച്ച് കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, കൊലപാതകം പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്‍ പൊലീസിന് മൊഴി നല്‍കി. തെളിവെടുപ്പിനിടെയാണ് ഷാജഹാൻ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. താൻ എത്തിയ സമയത്ത് ബഷീർ കുളിച്ച് കൊണ്ട് നിൽക്കുകയായിരുന്നെന്നും കൊല്ലാൻ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാൻ പറഞ്ഞു. ഇന്നലെ വൈകീട്ട് പ്രതിയെ ബഷീറിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ് ഷാജഹാൻ വെളിപ്പെടുത്തൽ നടത്തിയത്.