പാർട്ടിയും ഇ.പി.യും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ

തിരുവനന്തപുരം:ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപിജയരാജന്‍ പങ്കെടുക്കില്ല.കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്താണുള്ളത്.ഡിവൈ ഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി.തിരുവനന്തപുരത്ത് എത്തിയത്.

പാർട്ടിയും ഇപിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇപി രസത്തിലല്ല.ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇപി വിട്ടുനില്‍ക്കുന്നുണ്ട്. ഇടതു മുന്നണി കണ്‍വീനറാണെങ്കിലും ഘടകകക്ഷികളുമായുള്ള ഏകോപനം വേണ്ടവിധം നടക്കുന്നില്ലെന്ന് അവര്‍ക്കും ആക്ഷേപമുണ്ട്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ആദ്യ സെമിനാര്‍. പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. എന്നാല്‍, സെമിനാര്‍ പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയ തര്‍ക്കങ്ങളും വിവാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടുമില്ല. സിപിഎം ക്ഷണം ലീഗ് നിരസിച്ചെങ്കിലും സെമിനാറില്‍ പങ്കെടുക്കാനുളള സമസ്തയുടെ തീരുമാനം സംഘാടകര്‍ക്ക് നേട്ടമായി. എന്നാല്‍ വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന പാര്‍ട്ടി നിലപാടിനോട് സമസ്തയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരാമര്‍ശം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.

ഈ പരാമര്‍ശത്തിനു ശേഷം സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നുളള എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് ശരിയല്ലെന്നുംവ്യക്തി നിയമങ്ങളെ സംരക്ഷിക്കാനാണ് ഏക സിവില്‍ കോഡിനെ നിരാകരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഏക സിവില്‍ കോഡ് നടപ്പാക്കാനുളള നീക്കത്തിനെതിരായ യോജിച്ചുളള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം പങ്കെടുക്കുന്നത് സെമിനാറിന് കിട്ടുന്ന പൊതു സ്വീകര്യതയ്ക്ക് തെളിവെന്ന് സംഘാടകരും വിശദീകരിക്കുന്നു.