സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു.
തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറ് മൂലം സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. ഒരുമണിക്കൂറിനകം തകരാർ പരിഹരിച്ചെങ്കിലും റേഷൻ വിതരണം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനായിട്ടില്ല. സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു. സെർവർ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്.
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും മൂന്ന് ദിവസത്തോളം അടച്ചിട്ട് ഇ പോസ് മെഷീൻ തകരാർ പരിഹരിക്കാനായി നടത്തിയ ശ്രമങ്ങളും വൃഥാവിലായി. തകരാര്‍ എല്ലാം പരിഹരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി അവകാശപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോളാണ് വീണ്ടും ഈ പോസ് മെഷീന്‍ പണിമുടക്കിയത്. ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തെ മുഴുവൻ ഇ പോസ് മെഷീനുകളും പണിമുടക്കി. ആദ്യമണിക്കൂറുകളിൽ റേഷൻ വാങ്ങാനെത്തിയവർ ഇതോടെ മടങ്ങി. സംസ്ഥാനത്തെ 14,161 കടകളിൽ ആയിരത്തിൽ താഴെമാത്രമാണ് രാവിലെ തുറന്നു പ്രവർത്തിച്ചത്.
കഴിഞ്ഞമാസം അവസാനം സെർവർ പണിമുടക്കിയതോടെ, റേഷൻ വിതരണ സമയം പുനഃക്രമീകരിച്ചിരുന്നു. രാവിലെ 7 ജില്ലകളിലും ഉച്ചക്ക് ശേഷം ബാക്കി 7 ജില്ലകളിലും വിതരണം എന്നായിരുന്നു രീതി. തകരാർ പരിഹരിച്ചതോടെ, വിതരണ സമയം പഴയപടിയാക്കിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തകരാർ സംഭവിക്കുന്നത്. ഇ പോസ് മെഷീന് സഹായം നൽകുന്ന വിഷൻ ടെക്ക് കമ്പനിയുടെ സോഫ്റ്റ് വെയർ തകരാറെന്നാണ് ഔദ്യോഗിക വിശദീകരണം. പതിനൊന്നി മണിയോടെ തകരാർ പരിഹരിച്ചെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും മുഴുവൻ കടകളും ഇപ്പോഴും പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല.

