അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിൽ സിൽവർ ലെയിനിന് ബദലായി ശ്രീധരൻ മുന്നോട്ടുവെച്ച, കുറഞ്ഞ തോതിൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യമുള്ള, പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. അതിവേഗ റെയിൽപാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാൽ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരമുളള അതിവേഗ റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. ചർച്ചയുടെ ഭാഗമായി പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പൊന്നാനി എം എൽ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തുടർചർച്ചകൾ നടത്താൻ തീരുമാനമായിട്ടുണ്ട്. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിൽ സിൽവർ ലെയിനിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം 2 ആഴ്ചക്കുള്ളിൽ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ നൽകിയ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ തന്നെ സിൽവർ ലൈനിനും ആർ ആർ ടി എസിനും ബദലായി പുതിയ അതിവേഗ പാതയെന്ന നിർദേശം ശ്രീധരൻ മുന്നോട്ടുവച്ചിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത. സർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് ശ്രീധരൻ അറിയിച്ചിരുന്നു. വിശദപഠനത്തിന് ശേഷം മാത്രം അതിവേഗ റെയിൽ പാത പദ്ധതിയെന്നാണ് യു ഡി എഫ് സർക്കാർ നിലപാട്.

കെ റെയിലിന് ബദൽ

സതീശൻ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ തീരുമാനമെടുത്തത്. പിണറായി വിജയൻ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അ‍ടഞ്ഞ് അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ തന്നെയാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വ്യക്തമായ ഒരു ഡി പി ആ‌ർ പോലുമില്ലാത്ത കെ റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്നും വിശദീകരിച്ചിരുന്നു. യു ഡി എഫ് സബ് കമ്മിറ്റി പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചത്. എന്നാൽ കേരളത്തിൽ അതിവേഗ യാത്രക്കുള്ള പദ്ധതികൾ യു ഡി എഫ് സർക്കാർ ആലോചിക്കുമെന്നും വിശദമായ പഠനം നടത്തി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴിയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം വിവരിച്ചിരുന്നു.

YouTube video player