നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ശ്രീധരൻ നിർദേശിക്കുന്നു. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നാണ് ഇ ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്.
തിരുവനന്തപുരം: ഡിപിആറിലടക്കം കെ റെയിൽ പദ്ധതിയിൽ അടിമുടി മാറ്റം നിർദ്ദേശിച്ചുള്ള ഇ ശ്രീധരൻ്റെ റിപ്പോർട്ട് സർക്കാറിന് കൈമാറി. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കി പിന്നീട് ഹൈ സ്പീഡ് മതിയെന്ന റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ശ്രീധരനെ മുൻനിർത്തി സിൽവർ ലൈൻ പദ്ധതി വീണ്ടും സജീവമാക്കാനാണ് സർക്കാർ നീക്കം.
കേന്ദ്രം ചുവപ്പ് സിഗ്നൽ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയിൽ പുതുക്കിയ പാളത്തിലൂടെ ഓടിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കെ വി തോമസ് ആവശ്യപ്പെട്ടതനുസരിച്ചാണ് മെട്രോമാൻ്റെ ബദൽ റിപ്പോർട്ട്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിര്‍ദ്ദേശിച്ചു.
Also Read: 'കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാം, സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകും'; നിലപാട് മാറ്റി ഇ ശ്രീധരൻ
ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട് ഇന്നലെയാണ് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവെ മന്ത്രിയും പറഞ്ഞിരുന്നു. കെ റെയിൽ എന്തായാലും വരുമെന്ന് എല്ലായ്പ്പോഴും ആവർത്തിക്കുന്ന സർക്കാർ ഇനി മെട്രോമാൻ്റെ ശുപാർശ പ്രകാരം പദ്ധതിരേഖ പൊളിച്ചുപണിയുമോ എന്നാണ് അറിയേണ്ടത്. ശ്രീധരൻ്റെ കേന്ദ്രത്തിലെ സ്വാധീനമടക്കം ഉപയോഗിക്കാനാണ് സർക്കാർ ശ്രമം.
