പ്രിസൈഡിംഗ് ഓഫീസറായ ഇടത് സംഘടനാ നേതാവിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നൊഴിവാക്കി: നടപടി ബിജെപി പരാതിയിൽ
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപുള്ള ലേഖനമെന്ന് വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അംഗീകരിക്കാതെ നടപടിയെടുക്കുകയായിരുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ധന വകുപ്പ് സെക്ഷൻ ഓഫീസറായ കെഎൻ അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ചുമതലയുള്ള സബ് കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസാണ് നടപടി എടുത്തത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ ഇറക്കിയ ലഘുലേഖയുടെ പേരിലാണ് നടപടി. കണ്ണാടി എന്ന പേരിലിറക്കിയ ലഘുലേഖയിൽ രാഷ്ട്രീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപുള്ള ലേഖനമെന്ന് വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അംഗീകരിക്കാതെ നടപടിയെടുക്കുകയായിരുന്നു.