മാസപ്പടി കേസിൽ പിണറായിയുടെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചതിനെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ. അപമാനിക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമ‍ർശിച്ചു. പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കൽ അടക്കം രാഷ്‌ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. ഇ ഡിയെയും ബി ജെ പിയെയും കേരളത്തിൽ കടന്നുകയറ്റം നടത്താൻ സഹായിക്കുന്നത് യു ഡി എഫ് സർക്കാരിന്‍റെ നിലപാടുകളാണ്. നിയമപരമായും രാഷ്ട്രീയമായും ഇ ഡിയെ നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കുന്നു. വളരെ ശക്തമായി ഇത് എതിർക്കപ്പെടണം. നോട്ടീസ് പതിക്കുക, അത് വാർത്തയാക്കി പ്രചരിപ്പിക്കുക. ഇതാണ് ഇ ഡി ചെയ്യുന്നത്. അപമാനിക്കലാണ് ഇതിലൂടെ ഇ ഡി ലക്ഷ്യമിടുന്നതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇ ഡിയുടെ ലക്ഷ്യം പിണറായിയാണ്. പിണറായി എന്നാൽ പാർട്ടി. അതായത് പാർട്ടിയെ ആണ് ഇ ഡി പിണറായിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

അതേസമയം ഇന്ന് രാവിലെയാണ് പിണറായിയുടെ വീട്ടിലെ ചുമരിൽ ഇ ഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചുമരിൽ നോട്ടീസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാനാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ ഡി വിശദീകരിച്ചു.