മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി. വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും. സിഎംആർഎല്ലുമായിഉണ്ടാക്കിയ കരാറടക്കമുളള രേഖകള്‍ വീണ കൈമാറിയെന്ന് സൂചന. എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും.

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍. സിഎംആര്‍എല്‍ കമ്പനിയുമായി എക്സാലോജിക് ഉണ്ടാക്കിയ കരാറടക്കമുളള രേഖകള്‍ വീണ ഇഡിക്ക് കൈമാറിയെന്നാണ് സൂചന. മറ്റൊരു കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച 134 രേഖകള്‍ ഇന്ന് ഇഡിക്ക് കിട്ടിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം,പിണറായി വിജയൻ താമസിക്കുന്ന വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് ഉത്തരവ് പറയും. കേസിലെ ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവ് പറയുക. കഴിഞ്ഞ ദിവസങ്ങളിലായി കേസിലെ ഒന്ന് മുതൽ 25 വരെയുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു.