സംസ്ഥാനാന്തര ഹവാല സംഘത്തിലെ കണ്ണിയായ മുകേഷാണ് മുംബൈയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇഡി ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്തേക്ക് ഹവാലയായി എത്തിച്ചത്.

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ, അന്വേഷണത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പ് പണം ഹവാലയായാണ് കടത്തിയതെന്നാണ് കണ്ടെത്തൽ. കേസിലെ മൂന്നാം പ്രതി മുകേഷാണ് പണം കടത്തിയത്. സംസ്ഥാനാന്തര ഹവാല സംഘത്തിലെ കണ്ണിയായ മുകേഷാണ് മുംബൈയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇഡി ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്തേക്ക് ഹവാലയായി എത്തിച്ചത്. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലേക്കും ഇഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം മുകേഷ് പണം കടത്തിയെന്നും വിജിലൻസിന് ലഭിച്ച മൊഴിയിലുണ്ട്.

കോടികളുടെ ഹവാല ഇടപാടാണ് നടന്നത്. ശേഖർ കുമാറിന് പുറമേ കൊച്ചിയിൽ ജോലി ചെയ്തവരും മുമ്പ് ജോലി ചെയ്തിരുന്നവരുമായ ചില ഇഡി ഉദ്യോഗസ്ഥർ കൂടി വിജിലൻസ് റഡാറിലുണ്ടെന്നാണ് വിവരം. സെറ്റിൽമെന്റിന്റെ പേരിൽ വാങ്ങുന്ന കൈക്കൂലി വീതിച്ചത് കമ്മീഷൻ അടിസ്ഥാനത്തിലാണ്. ഒരു കോടി കൈക്കൂലിക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിനും മറ്റ് ഇടനിലക്കാർക്കും കിട്ടിയിരുന്നത് 10 ലക്ഷം രൂപ വീതമായിരുന്നു.

ഒന്നാം പ്രതിയായ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് പിന്നാലെ കൊച്ചി ഇഡി ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വിരല്‍ ചൂണ്ടുകയാണ് പരാതിക്കാരന്‍ അനീഷ്. ഇഡി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ തന്നെ സമന്‍സ് നല്‍കി വിളിച്ചു വരുത്തി അസഭ്യം പറഞ്ഞ് മാനസിക പീഡനത്തിന് വിധേയനാക്കിയെന്നാണ് അനീഷിന്‍റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ തന്നോട് പണം ആവശ്യപ്പെട്ട് സമീപിച്ചതെന്നും അനീഷ് വെളിപ്പെടുത്തുന്നു. ആദ്യം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനെതിരെയാണ് അനീഷ് ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് വിജിലന്‍സ് ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുടെ ചിത്രം കാണിച്ചപ്പോഴാണ് തന്നെ വിരട്ടിയത് രാധാകൃഷ്ണനല്ല വിനോദ് കുമാറാണെന്ന് അനീഷ് തിരുത്തിയത്. 

വിജിലന്‍സ് കേസിലെ മൂന്നാം പ്രതിയായ രാജസ്ഥാന്‍കാരന്‍ മുകേഷിനെ ഇഡി ഓഫീസില്‍ കണ്ടതായി അനീഷിന്‍റെ ഭാര്യ നിമ്മിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടനിലക്കാരന്‍ മുകേഷ് തന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ നേരിട്ടെത്തി ഇഡി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വെള്ളക്കടലാസില്‍ സമന്‍സ് എഴുതി നല്‍കിയെന്ന അമ്മയുടെ ഓഡിയോ സന്ദേശവും അനീഷ് പുറത്തുവിട്ടു. 

മൂന്നാം പ്രതിയായ മുകേഷ് സംസ്ഥാനാന്തര ഹവാല ശൃംഖലയിലെ കണ്ണിയെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. കൈക്കൂലി പണത്തില്‍ പത്തു ശതമാനമാണ് ഇടനിലക്കാരന്‍ വില്‍സനും,മുകേഷിനും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യര്‍ക്കും കിട്ടിയിരുന്നത്. ബാക്കി പണം മുകേഷ് തന്‍റെ ഹവാലാ ശൃംഖല വഴി ഇഡി ഉദ്യോസ്ഥര്‍ പറഞ്ഞിരുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ക്കപ്പുറമുളള തെളിവുകള്‍ ശേഖരിക്കാനുളള ശ്രമത്തിലാണ് വിജിലന്‍സ്.