കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അളവെടുക്കൽ നടന്നത്. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്‌ഥർ മടങ്ങി. കേസിൽ ഷാജിയെ അടുത്ത മാസം പത്തിന് ഇഡി ചോദ്യം ചെയ്യും.

അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. ഈ കേസിൽ ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് മജീദിൽ നിന്ന് എന്‍ഫോഴ്സ്മെന്‍റ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എൻഫോഴ്സ്മെന്റിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെപിഎ മജീദ് പിന്നീട് പ്രതികരിച്ചു. 

മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. 2014 ലാണ് ഇടപാട് നടന്നതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് 31 ലധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.