മാസപ്പടിക്കേസിൽ വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടരുന്നു. പരിശോധനയിൽ കണ്ടെത്തിയ ഡയറിയിൽനിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
മാസപ്പടിക്കേസിൽ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളിൽ നിന്നാണ് ഇഡിക്ക് പണമിടപാടിൻ്റെ നിർണായക വിവരങ്ങൾ ലഭിച്ചത്. 20 കോടി രൂപയുടെ പണമിടപാട് വിവരങ്ങളാണ് വീണയുടെ കയ്യെഴുത്ത് രേഖകളിൽനിന്ന് ഇഡി കണ്ടെത്തിയത്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കുന്നത്. എവിടേയ്ക്കാണ് പണം അയച്ചത്, എങ്ങനെ പണം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
ഇതിന് പുറമേ, ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) അയച്ചുവെന്ന കയ്യെഴുത്ത് രേഖകളിൽനിന്ന് ലഭിച്ച വിവരം കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് മറ്റ് പണമിടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. കൂടാതെ, പരിശോധനയിൽ കണ്ടെത്തിയ സിം കാർഡിൻ്റെ ചിത്രം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്തൊക്കെ ആവശ്യങ്ങൾക്ക് സിം കാർഡ് ഉപയോഗിച്ചുവെന്നാണ് ഇഡി പരിശോധിക്കുന്നത്. സിം കാർഡ് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറുമായ നന്ദുലാലിൻ്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായാണ് മറ്റൊരാളുടെ പേരിൽ സിം കാർഡ് സംഘടിപ്പിച്ചതെന്നാണ് ഇഡി സംശയിക്കുന്നത്.


