തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയ്ഡിനെതിരായ ബാലവാകാശ കമ്മീഷൻ ഉത്തരവിൽ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. അതേസമയം ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടർ പരിശോധനക്കായി ഇഡി സംഘം തലസ്ഥാനത്ത് തുടരുകയാണ്.

ബിനീഷിൻ്റെ വീട്ടിൽ 26 മണിക്കൂർ നീണ്ട ഇഡി റെയ്ഡിനിടെയായിരുന്നു ബാലാവകാശകമ്മീഷൻ്റെ ഇടപെടൽ. ബിനീഷിൻ്റെ കുഞ്ഞിനുള്ള അവകാശങ്ങൾ ഇഡി നിഷേധിച്ചെന്ന പരാതിയിൽ കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാ‍ർ നേരിട്ട് വീട്ടിൽ എത്തിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന ബിനീഷിൻറെ ഭാര്യയുടെ അച്ഛൻറെ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കമ്മീഷൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്നലെ വൈകീട്ട് ഉത്തരവ് നൽകി. പക്ഷേ കമ്മീഷണറുടെ ഉത്തരവിൽ പൊലീസ് നടപടി ഇതേ വരെ തുടങ്ങിയിട്ടില്ല. 

ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഉത്തരവ് ലഭിച്ചാൽ പരാതിക്കാരുടെ മൊഴിയെടുത്തശേഷം തുടർനടപടി തീരുമാനിക്കാനാണ് പൊലീസ് ശ്രമം. റെയ്ഡിനിടെ ഉദ്യോഗസ്ഥർ മാനസികമായി പീഡിക്കുകയും വ്യാജ രേഖകളിൽ ഒപ്പു വയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കാട്ടി ബിനീഷിൻറെ ഭാര്യയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയും അവസാനിപ്പിച്ചിട്ടില്ല. എന്നാൽ കോടതി ഉത്തരവോടെയാണ് പരിശോധന നടത്തിയതെന്നും നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നും ഇ.ഡി. ഇ-മെയിലൂടെ ഇന്നലെ പൊലീസിന് മറുപടി നൽകിയിരുന്നു. 

പക്ഷേ പരാതിയിൽ പറഞ്ഞിട്ടുള്ള ആരോപണങ്ങള്‍ക്ക് ഇതേ വരെ വ്യക്തമായ മറുപടി വന്നിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഇ.ഡി ഉദ്യോഗസ്ഥരുടെ ഇതേ കുറിച്ചുള്ള വീശദീകരണം വരട്ടെയെന്നാണ് പൂ‍ജപ്പുര പൊലീസ പറയുന്നത്. എന്നാൽ പരാതികൾ ഗൗരവത്തോടെ കാണേണ്ടെന്നാണ് ഇഡി നിലപാട്. അതിനിടെ ബിനീഷിൻ്റെ കേരളത്തിലെ ബിസിനസ്സിനെ കുറിച്ചും ബിനാമി ഇടപാടികളെ കുറിച്ചുള്ള ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം നിരവധി സ്ഥലങ്ങളി നിന്നും ശേഖരിച്ച തളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധന തുടരും