സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന നടക്കുന്നു. തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് പുരോഗമിക്കുന്നത്. അങ്കമാലി അർബൻ ബാങ്കിലെ 121 കോടിയുടെ ക്രമക്കേടും അന്വേഷണ പരിധിയിലുണ്ട്.

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

അങ്കമാലി അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആയ ഷിജുവിന്റെ വീട്ടിൽ റെയ്‌ഡ്‌ നടക്കുന്നുണ്ട്. ബാങ്കിലെ അക്കൗണ്ടന്റായിരുന്ന ഷിജുവിന്റെ വീട്ടിലാണ് റെയ്‌ഡ്. വ്യാജ ലോണുകൾക്ക് നേതൃത്വം കൊടുത്തതിൽ ഒരാളാണ് ഷിജുവെന്നാണ് ഇഡി നൽകുന്ന വിവരം. കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. മുൻ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.