മലയാളിയുടെ ഭാവി സങ്കൽപ്പങ്ങൾ ചർച്ച ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസ് 'അഗോര 2026' എന്ന ബൃഹത്തായ ആശയ സംവാദ വേദിക്ക് തുടക്കമിടുന്നു. നവംബര്‍ 27 മുതൽ 29 വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. നോബേൽ ജേതാക്കളടക്കം 200 അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന അഗോരയിൽ 150 സംവാദങ്ങൾ നടക്കും.
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളിയുടെ സമസ്ത മേഖലയെയും തൊട്ടറിഞ്ഞ് അവർക്ക് വെളിച്ചമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ് വലിയ ചുവടുവെപ്പിന് തുടക്കമിടുന്നു. കേരളം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ ആശയ സംവാദ വേദിയാകാൻ ഒരുങ്ങുകയാണ് അഗോര-2026. തലസ്ഥാനത്ത് നവംബര്‍ 27 മുതൽ 29 വരെ നടക്കുന്ന അഗോരയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. അതിവേഗം വളരുന്ന ലോകത്തിൽ ആഗോളസമൂഹമായ മലയാളിയുടെ നവലോക സങ്കൽപ്പം എന്താകണമെന്നാണ് പ്രധാന ലക്ഷ്യം. കേരളം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ ആശയ സംവാദ വേദിയാണ് അഗോര.
ആശയങ്ങളുടെയും കണ്ടെത്തലുകളുടെയും ഉത്സവമാണ് അഗോര. സമസ്ത മേഖലയെയും സ്പർശിക്കുന്ന അഗോരയിൽ 150 സംവാദങ്ങൾ നടക്കും. നോബേൽ ജേതാക്കളും ബുക്കർ സമ്മാന വിജയികളുമടക്കം 200 അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കും. പുരാതന ഗ്രീസിലെ ആശയ സംവാദ വേദികളുടെ പേരാണ് അഗോര എന്നത്. ആളുകൾ കൂടിയിരുന്ന് ചൂടേറിയ ചർച്ചകൾ നടത്തിയിരുന്ന പൊതു ഇടങ്ങളാണ് അഗോര. ജനാധിപത്യത്തിന്റെ ആദ്യരൂപം.
