ബെംഗളൂരു: മയക്കുമരുന്ന് കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന്  എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ബെംഗളൂരു യൂണിറ്റാണ് കേസെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് അനൂപിനേയും റിജേഷ് രവീന്ദ്രനേയും എന്‍ഫോഴ്സമെന്‍റ് ഉദ്യോഗസ്ഥർ ജയിലിലെത്തി ഇന്ന് ചോദ്യം ചെയ്യും.

ബെംഗളൂരുവില്‍ രാസലഹരിവസ്തുക്കൾ വിൽപന നടത്തിയതിന് കേന്ദ്ര ഏജന്‍സിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്ററർ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളാണ് മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും. ഇവർ വലിയ തുക മുടക്കി മയക്കുമരുന്ന് വാങ്ങി സിനിമാ മേഖലയിലുള്ളവ‍ർക്കടക്കം വിതരണം ചെയ്തെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 

ഇതിനുപയോഗിച്ചത് ഹവാല പണമാണെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രാഥമിക നിഗമനം. ലഹരിമരുന്ന് വിറ്റപ്പോൾ ലഭിച്ച ലാഭം ഉപയോഗിച്ചാണ് ബിസിനസ് തുടങ്ങിയെന്ന് മുഹമ്മദ് അനൂപ് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. 2015-ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാനായി ബിനീഷ് കോടിയേരി സാമ്പത്തികമായി സഹായിച്ചെന്നും അനൂപിന്‍റെ മൊഴിയിലുണ്ട്.  

പ്രതികൾക്ക് ബെംഗളൂരുവില്‍ പല ബിസിനസ് സ്ഥാപനങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇരുവരെയും എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ഇന്ന് ജയിലിലെത്തി ചോദ്യം ചെയ്യും. അതേസമയം ലഹരിമരുന്ന് റാക്കറ്റിനെതിരെ ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതികളെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നുണ്ട്.

നടിമാരായ സഞ്ജന ഗല്‍റാണി , രാഗിണി ദ്വിവേദി എന്നിവരെയും ഇവർ പങ്കടുത്ത ലഹരി പാർട്ടികൾ സംഘടിപ്പിച്ച മറ്റ് പ്രതികളെയുമാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഹരികടത്തു സംഘത്തിന് ചോർത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 12 ലക്ഷം രൂപ പ്രതികൾ ഇയാൾക്ക് കൈക്കൂലി നല്‍കിയെന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാം ഹവാല പണമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.