മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണ്‍ വിജയനെതിരായ ഇഡി സമൻസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്നാണ് വിവേക് വിജയനെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. . ക്രൈം നന്ദകുമാര്‍ നൽകിയ പരാതിയിലാണ് ഇഡി 2020ൽ അന്വേഷണം ആരംഭിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണ്‍ വിജയന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ലാവലിൻ കേസിൽ. 2023ൽ നോട്ടീസ് നൽകിയ കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിവേകിന്‍റെ വിദേശ പഠനത്തിന് ലാവലിൻ കമ്പനിയുടെ മുതിർന്ന ജീവനക്കാരൻ മലയാളിയായ ദിലീപ് രാഹുലൻ സ്പോൺസറായെന്ന ചില മൊഴികളിൽ വ്യക്തത വരുത്താനാണ് വിളിപ്പച്ചത് എന്നാണ് വിവരം. ലാവലിൻ കേസിലെ കളളപ്പണ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് 2006ൽ ക്രൈം പത്രാധിപരായ നന്ദകുമാർ ഡിആർ ഐ, എൻഫോഴ്സ്മെന്‍റിനടക്കം പരാതി നൽകിയത്. ലാവലിൻ അഴിമതിയിടപാടിലെ കളളപ്പണം വിദേശത്തേക്ക് കടത്തിയെന്നും അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, 15 വർഷം മിണ്ടാതിരുന്ന എൻഫോഴ്സ്മെന്‍റ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അന്വേഷണവുമായി ഇറങ്ങിയത്.
പരാതിക്കാരനായ ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുത്ത അന്വേഷണസംഘം കാനഡയിലെ ലാവലിൻ കമ്പനിക്കും നോട്ടീസ് അയച്ചു. എന്നാൽ, അവർ സഹകരിക്കാൻ തയാറായില്ല. ഈ സമയത്താണ് ലാവലിൻ കമ്പനിയുടെ പശ്ചിമേഷ്യൻ ചുമതലക്കാരനായിരുന്ന ദിലീപ് രാഹുലനെ പറ്റി ചില മൊഴികൾ ഇഡിയ്ക്ക് കിട്ടിയത്. മുഖ്യമന്ത്രിയുടെ മകന്‍റെ യുകെ പഠനത്തിന് ദിലീപ് രാഹുലൻ സ്പോൺസറായെന്നും ചില മൊഴികളിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിവേക് കിരണിന് 2023ൽ സമൻസ് നൽകിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സമൻസ് അയച്ചെങ്കിലും കൈപ്പറ്റിയില്ല. എന്നാൽ, പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. ലാവലിൻ കേസിൽ പിണറായി വിജയനെ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിൽ അക്കര കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കും പരാതി നൽകി. ഇഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി.
ആര്‍ക്കെങ്കിലും സമൻസ് വന്നത് ചര്‍ച്ച ചെയ്യാനല്ല മന്ത്രിസഭ
ആർക്കെങ്കിലും സമൻസ് വന്നത് ചർച്ച ചെയ്യാനല്ല കേരളത്തിലെ മന്ത്രിസഭയെന്ന് മന്ത്രി കെ രാജൻ. അതൊന്നും സർക്കാരിന് മുന്നില്‍ വരേണ്ട വിഷയമല്ല. ബന്ധപ്പെട്ടവർ ഇക്കാര്യത്തില്‍ മറുപടി പറയും. പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നും മറുപടി പറയുകയാണെങ്കില്‍ അതിനേ സമയം ഉണ്ടാകൂവെന്നും കെ രാജൻ വയനാട്ടില്‍ പറഞ്ഞു



