തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് നൽകും. രവീന്ദ്രൻ കൊവി‍ഡ് നെഗറ്റീവായി എന്ന് അറിയിച്ച പശ്ചാത്തലത്തിലാണിത്. അടുത്തയാഴ്ച നോട്ടീസ് നൽകി വിളിപ്പിക്കാനാണ് ഇഡി തീരുമാനം. തിങ്കളാഴ്ചത്തെ യോഗത്തിൽ എന്ന് ചോദ്യം ചെയ്യണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഇഡി തീരുമാനമെടുക്കും. രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് വിളിപ്പിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ  സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ സൂചിപ്പിക്കുന്നത്. എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രൻ. ശിവശങ്കറിൻറെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷൻ അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കർ കുടുങ്ങിയപ്പോൾ തന്നെ വിവാദങ്ങളിൽ സിഎം രവീന്ദ്രന്റെ പേരും ഉയർന്നിരുന്നു. 

അതിനിടെ പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അന്വേഷണ സംഘങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്ദരേഖയിലൂടെ സ്വപ്ന ഉയർത്തിയത്.