Asianet News MalayalamAsianet News Malayalam

എടപ്പാളിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: സമ്പർക്കപ്പട്ടികയിൽ നൂറുകണക്കിനാളുകൾ

 നിലവിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെടി ജലീൽ അറിയിച്ചു. 

edappal and vattakkulam panchayats under high alert for covid
Author
Edappal, First Published Jun 28, 2020, 10:54 AM IST

മലപ്പുറം: രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എടപ്പാളിൽ ആശങ്ക. സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ സെൻ്റിനൽസ് സർവ്വേയുടെ ഭാഗമായി ശേഖരിച്ച സാംപിളുകളിലാണ് അഞ്ച് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

കൊവിഡ് വൈറസിൻ്റെ സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ പൊലീസുകാർ എന്നിവരും പൊതുജനസമ്പർക്കം കൂടുതലായി വരുന്ന വ്യാപാരികൾ,ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നുള്ള സാംപിളുകളാണ്   റാൻഡം പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്.

എടപ്പാളിലെ ചില വാർഡുകൾ നേരത്തെ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് അലഞ്ഞു നടക്കുന്ന യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയിൽ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്. 

അതേസമയം നിലവിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെടി ജലീൽ അറിയിച്ചു. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

രോഗബാധിതർ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാൾ ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് സൂചന. മൂന്ന് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവരുമായി നൂറു കണക്കിന് ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറുകണക്കിന് രോഗികളുമായും കൂട്ടിരിപ്പുകാരുമായി ഇവർക്ക് സമ്പർക്കം വന്നിരിക്കാം എന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് എത്രത്തോളം പ്രാവർത്തികമാണ് എന്ന  ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടർ പതിനൊന്ന് മണിക്ക് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം കെഎസ്ആർടിസിയുടെ ഗുരുവായൂർ ഡിപ്പോയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഇപ്പോൾ വിവരം പുറത്തു വരുന്നുണ്ട്. നൂറുകണക്കിന് യാത്രക്കാരുമായി ഇയാൾക്ക് സമ്പർക്കമുണ്ട്. 

Follow Us:
Download App:
  • android
  • ios