അപകട ഭീഷണിയിലായ സ്ക്കൂളിൽ വിദ്യാർത്ഥികളെ കയറ്റാതെ ഇന്ന് രാവിലെ മുതൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു വരികയായിരുന്നു.
മലപ്പുറം: തിരൂർ ആനപ്പടി എഎംഎൽപി സ്ക്കൂളിൻ്റെ ഫിറ്റ്നസ് മരവിപ്പിച്ചു. അറ്റകുറ്റപണി പൂർത്തിയാക്കിയ ശേഷം സ്കൂൾ തുറക്കും. അതു വരെ ഓൺലൈൻ ക്ലാസ് വഴിയാവും അധ്യയനം. സ്കൂൾ അവകാശ തർക്കത്തിലും ഒത്തുതീർപ്പുണ്ടാക്കി. അന്തരിച്ച മാനേജർ ദാക്ഷായണിയുടെ മകൻ സുബാഷിന് സ്കൂളിൻ്റെ അവകാശം നൽകും. സ്കൂൾ അറ്റകുറ്റപണികൾ ഒരാഴ്ച്ചക്കകം പൂർത്തിയാക്കാനും തീരുമാനമായി. സ്കൂളിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകട ഭീഷണിയിലായ സ്ക്കൂളിൽ വിദ്യാർത്ഥികളെ കയറ്റാതെ ഇന്ന് രാവിലെ മുതൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു വരികയായിരുന്നു. മാനേജ്‌മെൻ്റ് അറ്റകുറ്റപണി നടത്താത്തതാണ് സ്ക്കൂൾ കെട്ടിടം അപകടാവസ്ഥയിലാവാൻ കാരണമെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നു. പൊട്ടിവീണ ഓടുകളും പട്ടിക കഷണങ്ങളുമൊക്കെയായി അധ്യയനം തീർത്തും സാധ്യമല്ലാത്ത ക്ലാസ് മുറിയിലേക്കാണ് ഇന്ന് രാവിലെ വിദ്യാർത്ഥികൾ എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ രക്ഷിതാക്കൾ സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് പ്രതിഷേധമുയര്‍ത്തുകയായിരുന്നു.
35 കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. 2014-ൽ സ്കൂൾ മാനേജറായ ദാക്ഷായണിയുടെ മരണത്തോടെയാണ് സ്കൂളിലെ അറ്റകുറ്റപണി മുടങ്ങിയത്. മക്കള്‍ തമ്മില്‍ സ്കൂളിന്‍റെ അവകാശത്തെ ചൊല്ലി തര്‍ക്കം തുടങ്ങിയതോടെ സ്കൂളിൻ്റെ മേൽനോട്ടത്തിന് ആളില്ലാത്ത അവസ്ഥയായി. അധ്യാപകരും രക്ഷിതാക്കളും പിരിവിട്ട് പണമെടുത്താണ് തത്കാലിക അറ്റകുറ്റപണി നടത്തി സ്കൂളിന് ഫിറ്റ്സന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തി സ്കൂളിന്‍റെ ശോച്യാവസ്ഥക്ക് ശാശ്വത പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നല്‍കി. ഇതോടെയാണ് രക്ഷിതാക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

