കോഴിക്കോട്: ''ബിരിയാണി വെക്കലല്ല പെരുന്നാള്, വിരുന്നു നടക്കലല്ല പെരുന്നാള്, കോടി ഉടുത്തുംകൊണ്ട് മോടി ഉടുത്തുംകൊണ്ട് റോട്ടിൽ അലയലല്ല പെരുന്നാള്'', മാവൂർ പെരുവയലിലെ സെന്‍റ് സേവ്യേഴ്‍സ് യു പി സ്കൂളിലെ ക്യാംപിൽ നിന്ന് പാട്ടുയരുകയാണ്. പിന്നെന്താണ് പെരുന്നാള്? 'ഇങ്ങനെ കൂടിയിരിക്കലും പെരുന്നാളാണെന്നേ', എന്ന് ക്യാംപിലുള്ളവർ ഒറ്റ സ്വരത്തിൽ പറയും.

ജാതിമതഭേദമില്ല, ഇവിടത്തെ പെരുന്നാളിന്. ഉള്ളതെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ് ഒരു വശത്ത്. എന്നാലും ഒത്തുചേരലിന്‍റെ പെരുന്നാൾ ദിനം, അവരെല്ലാം ഒന്നിച്ചാണ്. പാട്ടുണ്ട്. നിറയെ പെരുന്നാൾ പാട്ടുകൾ. വല്യുമ്മമാർ മുതൽ കുഞ്ഞിമക്കൾ വരെ പാട്ടുപാടി, കൈകൊട്ടി സന്തോഷിക്കുകയാണ്. കരയേണ്ട, വിഷമിച്ചിരിക്കേണ്ട ദിവസമല്ലല്ലോ ഇത്. 

പ്ലേറ്റിൽ നിന്ന് മധുരം വാരിയുണ്ണുന്നതിനിടെ ഞങ്ങളുടെ ക്യാമറയിൽ നോക്കി ചിരിച്ച കുഞ്ഞു പെൺകുട്ടി മുതൽ, കൈയും കാലുമിട്ടാട്ടി പല്ലില്ലാച്ചിരി തന്ന കുഞ്ഞുവാവ വരെ, എല്ലാവർക്കും സന്തോഷമുണ്ട്. അത് തന്നെയാണ് പ്രളയദുരിതത്തിനിടയിലും കേരളത്തിന്‍റെ അതിജീവന മധുരം. സ്നേഹം. 

കോഴിക്കോട്ട് നിന്ന് ഞങ്ങളുടെ പ്രതിനിധികളായ നൗഫൽ ബിൻ യൂസഫും ജിബിൻ ബേബിയും പകർത്തിയ ദൃശ്യങ്ങൾ: