സർക്കാരിന്റെ അവിവേകത്തിന് വിദ്യാർത്ഥികൾ ബലിയാടായെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ വിമർശനം.

കോഴിക്കോട്: കീം റാങ്ക് ലിസ്റ്റ് തിരിച്ചടിയിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം 'സുപ്രഭാതം'. സര്‍ക്കാരിന്‍റെ അവിവേകത്തിന് വിദ്യാര്‍ത്ഥികള്‍ ബലിയാടായെന്ന് മുഖപ്രസംഗത്തിൽ വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അലംഭാവത്തിന് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിത്. വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ നമ്പര്‍ വണ്‍ പെരുമയ്ക്ക് ചില മന്ത്രിമാരുടെ അപക്വ നിലപാട് കൊണ്ട് മങ്ങലേറ്റു. ഒരേ പരീക്ഷാഫലം രണ്ടു തവണ പ്രഖ്യാപിക്കേണ്ടി വരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിന്റെ മായാത്ത അടയാളമായി ബാക്കിനിൽക്കും. പ്രോസ്പെക്ടസില്‍ വീണ്ടും മാറ്റം വരുത്താമെന്ന് മന്ത്രി പറയുന്നത് പക്വതയില്ലായ്മയാണ്. സ്കൂള്‍ സമയമാറ്റം ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുഖപ്രസംഗത്തിന്‍റെ പൂർണരൂപം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉദാസീനതയ്ക്കും അലംഭാവത്തിനും സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കീം പരീക്ഷാഫലം റദ്ദുചെയ്ത ഹൈക്കോടതി നടപടിയും തുടര്‍സംഭവങ്ങളും. കോടതി ഉത്തരവിന് പിന്നാലെ പഴയ ഫോര്‍മുലയില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. പഴയ റാങ്ക് ലിസ്റ്റില്‍ മുമ്പില്‍നിന്ന്, പുതിയ റാങ്ക് ലിസ്റ്റില്‍ പിന്നിലാകുന്ന വിദ്യാര്‍ഥികളുടെ മാനസികവ്യഥയുടെ ആഴം തിരിച്ചറിയാനുള്ള വിവേകം സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കേണ്ട. അതുണ്ടായിരുന്നുവെങ്കില്‍ കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം ഇത്ര താളം തെറ്റില്ലായിരുന്നു. ഒരേ പരീക്ഷാഫലം രണ്ടു തവണ പ്രഖ്യാപിക്കേണ്ടിവരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിന്റെ മായാത്ത അടയാളമായി ബാക്കിനിൽക്കും. പ്രോസ്‌പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റംവരുത്താമെന്ന് മന്ത്രി വീണ്ടും ആവര്‍ത്തിക്കുന്നത് പക്വതയില്ലായ്മതന്നെയാണ്. സര്‍ക്കാരിന് അധികാരമുണ്ട്, എന്നാല്‍ എപ്പോള്‍ എങ്ങനെ വിനിയോഗിക്കണമെന്നറിയണമെന്ന ഹൈക്കോടതിയുടെ ചോദ്യം ഇനിയെങ്കിലും സര്‍ക്കാരും മന്ത്രിയും ഉള്‍ക്കൊള്ളണം.

കേരളത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം റദ്ദുചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ തിടുക്കപ്പെട്ട് അപ്പീല്‍ നല്‍കിയെങ്കിലും അതും ഇന്നലെ ഡിവിഷന്‍ ബെഞ്ച് തള്ളി. കൃത്യസമയത്ത് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വൈകിയതാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയ ഈ സാഹചര്യത്തിനിടയാക്കിയത്.

റാങ്ക് പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് മാത്രം വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണ ഫോര്‍മുല പരിഷ്‌കരിച്ചുകൊണ്ടുള്ള പ്രോസ്‌പെക്ടസ് ഭേദഗതി പുറത്തിറക്കിയത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കാലങ്ങളായി മാര്‍ക്ക് ഏകീകരണത്തിലെ താളപ്പിഴകള്‍ കാരണം കേരള സിലബസില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ കീം റാങ്ക് പട്ടികയില്‍ പുറകിലാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. കീം ഫലം തയാറാക്കുന്നത് 50 ശതമാനം കീം പരീക്ഷയുടെ മാര്‍ക്കും 50 ശതമാനം 12 -ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കും അടിസ്ഥാനപ്പെടുത്തിയാണ്. കേരളാ സ്‌റ്റേറ്റ് സിലബസ്, സി.ബി.എസ്.സി, ഐ.എസ്.സി തുടങ്ങിയ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്കില്‍ വ്യത്യാസമുള്ളതിനാല്‍, ഏകീകരണം നടത്തിയാണ് 12 -ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കുന്നത്. ഇത് കേരള സിലബസില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. മാര്‍ക്ക് ഏകീകരണ രീതിയില്‍ കഴിഞ്ഞ വര്‍ഷം കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 27 മാര്‍ക്ക് വരെ നഷ്ടമായതോടെയാണ് ആ രീതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ സുപ്രധാന തീരുമാനമെടുത്തത് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസമാണ്. മാറ്റം വരുത്തിയ പ്രോസ്‌പെക്ടസ് പുറത്തിറക്കുന്നതോ ഫലപ്രഖ്യാപനത്തിന്റെ ഒരു മണിക്കൂര്‍ മുമ്പും!

പരീക്ഷയ്ക്കും റാങ്ക് ലിസ്റ്റിനും മുമ്പുതന്നെ പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്തിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. അതിനാല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പുവരുത്താനാണ് പുതിയ മാര്‍ക്ക് ഏകീകരണ രീതി കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാം. എന്നാല്‍ ഇത് കാര്യക്ഷമതയോടെ നടപ്പാക്കേണ്ട ബാധ്യതയിലാണ് സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.

മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധസമിതി ശുപാര്‍ശ അടങ്ങിയ ഫയല്‍ ജൂണ്‍ 15ന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിസഭ തീരുമാനമെടുത്തത് 15 ദിവസത്തിനുശേഷം, വിദഗ്ധസമിതി മൂന്നുനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുവെന്നാണ് അറിയുന്നത്. തമിഴ്‌നാട് പിന്തുടരുന്ന രീതി എന്ന കാരണത്തിലാണ് ഇപ്പോഴത്തെ രീതി സ്വീകരിച്ചത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചോ പ്രൊഫഷനല്‍ കോഴ്‌സുകളുടെ സീറ്റുകളെക്കുറിച്ചോ ഒന്നും പഠനം നടത്താതെ ഈ രീതി പിന്തുടരാന്‍ മന്ത്രിസഭയെടുത്ത തീരുമാനംതന്നെ പുനപ്പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഫെബ്രുവരി 19ലെ പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശനം നല്‍കാന്‍ തീരുമാനിച്ചതോടെ കേരള സിലബസിലുള്ള നിരവധി വിദ്യാര്‍ഥികള്‍ റാങ്ക് പട്ടികയില്‍ പിന്നിൽപെട്ട് അവസരം നഷ്ടമാകും. ജൂലൈ ഒന്നിന് പ്രഖ്യാപിച്ച റാങ്ക് പട്ടികപ്രകാരം പല വിദ്യാര്‍ഥികളും അലോട്ട്‌മെന്റ് ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പ്രതീക്ഷിച്ച കോളജുകളിലും പ്രോഗ്രാമുകളിലും പ്രവേശനം കിട്ടാത്ത സാഹചര്യവുമുണ്ടാകും. ഇത്തരം വ്യത്യാസങ്ങള്‍ വരുത്തുമ്പോള്‍ ഒരുവര്‍ഷം മുമ്പെങ്കിലും പഠനം നടത്തി നടപടിയെടുത്തിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലേക്കും സ്വകാര്യമേഖലയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലാണ്. കേരളത്തിലെ പ്രവേശന നടപടികള്‍ ഇനിയും നീണ്ടുപോയാല്‍ പലര്‍ക്കും പ്രൊഫഷനല്‍ പഠനസ്വപ്‌നം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ പുറത്തേക്ക് പോകേണ്ടിയും വരും. ഈ സാഹചര്യമൊഴിവാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ കരുതിയിരിക്കണം. വിദ്യാര്‍ഥികളെ മാനസികസമ്മര്‍ദത്തിന് അടിമപ്പെടാത്ത വിധത്തില്‍ പ്രവേശന പരീക്ഷഹാളില്‍ എത്തിക്കാനും പുതിയ കോഴ്‌സുകള്‍ക്ക് പ്രവേശനം ഉറപ്പാക്കാനും ഇനിയെന്ന് കഴിയും നമ്മുടെ സംവിധാനങ്ങള്‍ക്ക്?

ആരോഗ്യ, വിദ്യാഭ്യാസമേഖലയില്‍ കേരളം കാലങ്ങളായി പുലര്‍ത്തിയിരുന്ന നമ്പര്‍ വണ്‍ പെരുമയ്ക്കാണ് ചില മന്ത്രിമാരുടെയും ഒരുപറ്റം ഉദ്യോഗസ്ഥരുടെയും അപക്വനിലപാടുകളിലുടെ മങ്ങലേല്‍ക്കുന്നത്. തീരാത്ത സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. പൊതുസമൂഹത്തിനോടോ വിദ്യാഭ്യാസവിദഗ്ധരോടോ കൂടിയാലോചിക്കാതെ സ്‌കൂള്‍ സമയമാറ്റവും പുതിയ പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ തിട്ടൂരം കാട്ടുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സൂക്ഷ്മ വിലയിരുത്തലുകള്‍ക്കും പൊളിച്ചെഴുത്തിനും വിധേയമാക്കേണ്ടിയിരിക്കുന്നു.