കോഴിക്കോട്:  കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി വ്യക്തമാക്കി. അധികാരത്തിൽ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ  റ്വെല്ലുവിളിയാണ് തൊഴിലാളികളുടെ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണിമുടക്കിൽ സംസ്ഥാനം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്ത് പണിമുടക്കിയ തൊഴിലാളികൾ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിൽ  ഹാജരായത് 17 പേർ മാത്രമാണ്. 
48000 ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. കോഴിക്കോട് പണിമുടക്കിയ തൊഴിലാളികൾ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകൾ 24 മണിക്കൂർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളവും പശ്ചിമബംഗാളും പണിമുടക്കിൽ ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമായെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. റെയിൽവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റെയിൽവെ തൊഴിലാളികൾ പണിമുടക്കുന്നത്.