കൊല്ലപ്പെട്ട റോസ്‍ലിന്‍റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞശേഷം മുറിപ്പാടുകളിൽ കറി മസാല പുരട്ടിയെന്നാണ് പ്രതികളുടെ മൊഴി. ഇരകൾ പിടഞ്ഞുപിടഞ്ഞു മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്.

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ ഇരകളെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നതിന്‍റെ വിവരങ്ങൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട റോസ് ലിന്‍റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു. ഇരകൾ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്. അതേസമയം, വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിംഗിന്‍റെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. 

ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെ വീടിനുളളിൽ നടന്നതത്രയും പുറത്തുവരുമ്പോഴാണ് റോസ്‍ലിനും പദ്മയും അനുഭവിച്ച മരണവേദന പുറംലോകമറിയുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് റോസ്‍ലിനെ കൊലപ്പെടുത്തുന്നത്. കൈയും കാലും കട്ടിലിന്‍റെ നാല് വശങ്ങളിലായി കെട്ടിയിട്ടു. വായിൽ തുണി തിരുകി. ശരീരം മുഴുവൻ കറിക്കത്തികൊണ്ട് വരഞ്ഞത് ഒന്നാം പ്രതി ഷാഫിയാണ്. എല്ലാം കണ്ടുകൊണ്ട് നിന്ന് ലൈലയുടെ കൈയ്യിലേക്ക് കത്തി പിടിപ്പിച്ചതും ഷാഫി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പിന്നെ ലൈലയും റോസ്‍ലിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം അതിക്രൂരമായി മർദിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതികൾ ഇക്കാര്യങ്ങൾ പറഞ്ഞത്.

Read Also: 'മനുഷ്യ മാസം വിറ്റാൽ പണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു, കൂട്ടുപ്രതികളെ ബ്ലാക്ക്മെയിൽ ചെയ്യാനും പദ്ധതിയിട്ടു'

നേരത്തെ തയാറാക്കിവെച്ച കറിമസാല അടുക്കളയിൽ നിന്ന് എടുത്തുകൊണ്ടുവന്നത് ഭഗവൽസിംഗ്. ഇറച്ചി മസാലപ്പൊടിയ്ക്കൊപ്പം കറുവാപ്പട്ടയും ഗ്രാമ്പുവും കൂടി ചേർത്തിരുന്നെന്നാണ് ഭഗവൽ സിംഗ് പൊലീസിനോട് പറ‍ഞ്ഞത്. പിന്നീട് റോസ്‍ലിന്‍റെ മുറിപ്പാടുകളിൽ മുളക് തേച്ചുപിടിപ്പിച്ചു. വേദനയിൽ ഞരങ്ങിയ റോസ്‍ലിന്‍റെ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകിയ തുണിയ്ക്ക് മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചുവെന്നും പ്രതികള്‍ വെളിപ്പെടുത്തി. ഇര വേദനയനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നാണ് ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നത്. ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും റോസ്‍ലിന്‍റെ ജീവന്‍റെ ബാക്കി ശേഷിച്ചതോടെ ലൈലയും ഷാഫിയും ചേർന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് റോസ്‍ലിന്‍റെ മരണശേഷവും ഇലന്തൂരെ വീട്ടിൽ തുടർന്നത്.