തിരുവനന്തപുരം: സിപിഐ മാര്‍ച്ചില്‍ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൊച്ചി സെൻട്രൽ എസ് ഐക്കെതിരായ നടപടി വൈകിപ്പോയെന്ന് എൽദോ എബ്രഹാം എംഎല്‍എ പ്രതികരിച്ചു. ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്കും പാര്‍ട്ടിനേതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ എടുത്ത നടപടിയിൽ തൃപ്തിയുണ്ടോയെന്ന് പാർട്ടി നേതൃത്വമാണ് പറയേണ്ടത്. പൊലീസിന്റെ തെറ്റായ കാര്യങ്ങൾ ഡിജിപി ന്യായീകരിക്കുന്നത് ശരിയല്ല. പൊലീസിൽ തിരുത്തപ്പെടേണ്ട ഒരുപാട്  കാര്യങ്ങൾ നടക്കുന്നുണ്ടെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

Read Also: ലാത്തിച്ചാർജ് വിവാദത്തിൽ നടപടി; കൊച്ചി സെൻട്രൽ എസ്ഐയെ സസ്പെൻ‍ഡ് ചെയ്തു

എസ് ഐ വിപിന്‍ ദാസിനെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു. ഇപ്പോഴത്തെ നടപടിയിൽ ഭാഗികമായ സംതൃപ്തിയാണുള്ളത്. സിപിഐ മാര്‍ച്ചിലേക്ക് നയിച്ച, വൈപിൻ സംഭവത്തിന് കാരണക്കാരനായ ഞാറക്കൽ സിഐ ക്കെതിരെയും നടപടി വേണം. സിഐ ക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പി രാജു പറഞ്ഞു.