പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നാണ് എൽദോസിന്റെ പ്രതികരണം. ദില്ലിയിൽ നിന്ന് തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എൽദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിൽ കൂടുതൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാർട്ടി പരി​ഗണിക്കുമെന്നും എൽദോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ സേഫ് ആണെന്ന് വ്യക്തമാക്കിയ എൽദോസ് പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ദില്ലിയിൽ നിന്ന് തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എൽദോസ് കുന്നപ്പിള്ളി.

തർക്ക മണ്ഡലമായ പെരുമ്പാവൂരിൽ സിറ്റിം​ഗ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് സ്ഥാനാര്‍ത്ഥിത്വം തടഞ്ഞുകൊണ്ടുള്ള ഹൈക്കമാന്‍ഡ് നിലപാട്. സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലിൽ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കേസിൻ്റെ പശ്ചാത്തലത്തിലാണ് എൽദോസിനെ മത്സരരം​ഗത്ത് നിന്ന് മാറ്റി നിർത്തിയത്.