കൊച്ചി: തന്നെ മ‍ർദ്ദിച്ചത് സെൻട്രൽ എസ്ഐ വിപിന്‍ ദാസ് ആണെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. എസ്ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു.  സംഭവത്തിൽ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ കഴിഞ്ഞദിവസം നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റത്. എറണാകുളം എസിപി കെ ലാൽജിയടക്കം മൂന്ന് പൊലീസുകാർക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായതെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. മാര്‍ച്ചിന്‍റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചെന്നും സിപിഐ ആരോപിക്കുന്നു. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസ്സിലായത്.