കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിൽ കനത്ത പോളിം​ഗ് തുടരുന്നു. വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ പോളിം​ഗ് ശതമാനം എഴുപതിനോടടുക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും 65ന് മേലെയാണ് ഇതുവരെയുള്ള പോളിം​ഗ് ശതമാനം. കാസർകോട് -  65.57, കണ്ണൂർ -66. 8, കോഴിക്കോട് -  66.93,  മലപ്പുറം -  67.61 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള പോളിം​ഗ് ശതമാനം. മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ആന്തൂരിൽ ആണ്. ഇവിടെ ഇതിനോടകം തന്നെ പോളിം​ഗ് ശതമാനം 80ന് മുകളിലെത്തി. 

അതി രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് ആന്തൂരിൽ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകൾക്ക് മുന്നിൽ ഇപ്പോഴും ഉള്ളത്. 

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്.   22 ഡിവിഷനിലാണ് വോട്ടിംഗ് നടക്കുന്നത്. ആകെ ഡിവിഷനിൽ ആറിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റിൽ ബിജെപി മത്സരിക്കുന്നുണ്ട്. 

2015 ലാണ് ആന്തൂര്‍ നഗരസഭ രൂപമെടുക്കുന്നത്. 28 ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം. ഏറ്റവും അധികം പാര്ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്.  വ്യവസായി സാജന്‍റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭയാണ് കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ .

പോളിങ്ങിനിടെ മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷം ഉണ്ടായി. എല്‍.എഡി.എഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു.കോഴിക്കോട് കോടഞ്ചേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വോട്ടിങ്ങ് യന്ത്ര തകരാറ് മൂലം ചിലയിടങ്ങളില്‍ അല്‍പ നേരം പോളിങ്ങ് തടസ്സപ്പെട്ടു.

താനൂർ നഗരസഭയിലെ പതിനാറാം വാര്‍ഡിലും യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ്  റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. കണ്ണൂർ പരിയാരം പഞ്ചായത്തിലെ മാവിശേരിയില്‍ ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തര്‍ മർദ്ദിച്ചതായി പരാതി ഉയർന്നു. കോണ്‍ഗ്രസ്സിന്‍റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. ബേപ്പൂര്‍ സ്വദേശി ദേവിയാണ് മരിച്ചത്.കോഴിക്കോട് കോടഞ്ചേരിയില്‍ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ്‌ ബി ജെ പി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നികുത്തിയത്. പരിക്കേറ്റ വാസുകുഞ്ഞനെ നെല്ലിപ്പൊയിലിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട്ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായി പരാതിയുണ്ടായി. കോവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫിസർ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കല്‍ സ്വദേശി അർഷാദ് പരാതിപ്പെട്ടു.കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ വോട്ട് മാറി ചെയ്തതായി പരാതി ഉയർന്നു. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരില്‍ പ്രേമൻ എന്നയാൾ  വോട്ടു ചെയ്തു. പ്രേമദാസന് പ്രിസൈഡിങ്ങ് ഓഫീസര്‍ ചലഞ്ച് വോട്ടു ചെയ്യാൻ അവസരം
നൽകി. വിവിധ ജില്ലകളിലായി ചിലയിടങ്ങളില്‍ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. ഇവിടങ്ങിളില്‍ യന്ത്രതകരാറ് പരിഹരിച്ച് പോളിങ്ങ് വീണ്ടും തുടങ്ങി. വോട്ടെടുപ്പ് തുടങ്ങിയതു മുതല്‍ മിക്കയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ അടയാളങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അത് പാളി.