നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ കണ്ണൂരിലും മലപ്പുറത്തും രാഷ്ട്രീയ സംഘർഷങ്ങൾ. വണ്ടൂരിൽ യുഡിഎഫ് ഘടകകക്ഷികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, കണ്ണൂരിലെ ധർമ്മടത്തും തളിപ്പറമ്പിലും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ പുകയുന്നു. മലപ്പുറത്ത് യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, കണ്ണൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു.
വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി അനിൽകുമാറിന്റെ പര്യടനത്തിനിടെയാണ് ലീഗ്-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉദിരംപൊയിലിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണം കോൺഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണം നിലനിന്നിരുന്നു. കാലുവാരി എന്ന് ആരോപിച്ച്, പ്രചാരണത്തിനെത്തിയത് ലീഗ് പ്രവർത്തകര്‍ കോൺഗ്രസ് പ്രവര്‍ത്തുകരുമായി സംഘര്‍ഷമുണ്ടായി.
സംഘർഷം രൂക്ഷമായതോടെ സ്ഥാനാർത്ഥി എ.പി അനിൽകുമാർ വാഹനത്തിൽ നിന്നിറങ്ങാതെ മൈക്കിലൂടെ സംസാരിച്ച് വേഗത്തിൽ മടങ്ങി. അതേസമയം, തളിപ്പറമ്പ് മലപ്പട്ടത്ത് യുഡിഎഫിന്റെ എൽഇഡി വാൾ വഴിയുള്ള പ്രചരണം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതായി പരാതിയുയർന്നു. ഇത് ചോദ്യം ചെയ്ത യുഡിഎഫ് പ്രവർത്തകരായ അനസ് നമ്പറം, അബ്ദുൽ റസാഖ് എന്നിവർക്ക് മർദ്ദനമേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദിനെ തടഞ്ഞതായും പരാതിയുണ്ട്. അഞ്ചരക്കണ്ടി കൈതപ്രത്ത് വെച്ച് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിന് കുറുകെ സ്കൂട്ടി നിർത്തിയിട്ടാണ് തടസ്സമുണ്ടാക്കിയത്. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകനാണെന്ന് യുഡിഎഫ് ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

