രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിലിൽ ബിജെപി സീൽ പതിഞ്ഞത് വിവാദമായതോടെ, അതൊരു ക്ലെറിക്കൽ പിഴവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചു. ബിജെപി നൽകിയ ഒരു പഴയ കത്തിന്റെ പകർപ്പാണ് അബദ്ധത്തിൽ അയച്ചതെന്നും, പിശക് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബിജെപി നൽകിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാൽ മാർച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മീഷൻ അറിയിച്ചു.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. "ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്?" എന്ന ചോദ്യത്തോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഎം ആരോപണം ഉന്നയിച്ചത്. ദേശീയതലത്തിൽ തന്നെ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്നും സിപിഎം കുറ്റപ്പെടുത്തി. ക്ലെറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള മറ്റൊരു ശക്തിക്കും ഇടപെടാൻ സാധിക്കാത്ത വിധം പഴുതടച്ച സംവിധാനമാണ് കമ്മീഷൻ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.