നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. നേരത്തെ കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു.
പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. നേരത്തെ കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു. സ്ഥാനാർത്ഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ തങ്കപ്പൻ പറഞ്ഞു.
സ്‌ട്രോങ്ങ് റൂം തുറക്കുന്നതിൽ അസ്വഭാവികതയുണ്ട്. ഇടയ്ക്കിടെ തുറക്കാൻ ആണെങ്കിൽ ഇത് എങ്ങനെയാണ് സ്‌ട്രോങ്ങ് റൂം ആകുന്നത്. തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും തങ്കപ്പൻ പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളെയും രേഖാമൂലം അറിയിക്കുമെന്നും അതിന് ശേഷം മാത്രമേ സ്ട്രോങ്ങ് റൂം തുറക്കൂ എന്നും പാലക്കാട് ജില്ല കളക്ടർ മാധവിക്കുട്ടി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തുറക്കുന്നത് ഇവിഎം സ്ട്രോങ്ങ് റൂം അല്ല, മെറ്റീരിയൽ സ്ട്രോങ്ങ് റൂം ആണെന്നും കളക്ടർ പറഞ്ഞു.
അതേസമയം, കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം വിടാതെ മുന്നോട്ട് പോവുകയാണ് യുഡിഎഫ്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.



