തൃശ്ശൂർ: മിനിറ്റുകളുടെ ഇടവേളയില്‍ തൃശ്ശൂരില്‍ രണ്ടിടത്ത് ആനകള്‍ ഇട‍ഞ്ഞു. തൃശ്ശൂരിലെ ഒളരിക്കര ക്ഷേത്രത്തിലും പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തിലുമാണ് ആനകള്‍ ഇടഞ്ഞത്. ജനവാസമേഖലകളില്‍ വച്ചാണ് രണ്ട് ആനകളും ഇടഞ്ഞതെങ്കിലും രണ്ടിനേയും തളച്ചു. 

രാവിലെ ഒന്‍പതരയോടെയാണ് തൃശ്ശൂരില്‍ ഒളരിക്കര് ക്ഷേത്രത്തില്‍ വച്ച് ആന ഇടഞ്ഞത്. ഒളരി ക്ഷേത്രം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒളരിക്കര കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടിന് ശേഷം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടു വന്ന ആന ക്ഷേത്രനടയില്‍ വച്ചു പെട്ടെന്ന് ഇടയുകയായിരുന്നു. ഈ സമയത്ത് ആനയുടെ മേലെ ഒരു പാപ്പാന്‍ ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

പിന്നാലെ പാപ്പാന്‍മാരെ ക്ഷേത്രത്തിനു ചുറ്റും ആന അല്‍പസമയം വിരട്ടി ഓടിക്കുകയും ക്ഷേത്ര പരിസരത്തെ ചില തെങ്ങും മറ്റു മരങ്ങളും കുത്തിമറിച്ചിടുകയും ചെയ്തു. തിരക്കേറിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ആന ഇടഞ്ഞതും ക്ഷേത്രത്തിന് അടുത്തായി ഒരു സ്വകാര്യ ആശുപത്രിയുടെ സാന്നിധ്യവും ആശങ്ക സൃഷ്ടിച്ചു. എങ്കിലും അധികം വൈകാതെ സ്ഥലത്ത് എത്തിയ എലിഫന്‍റ് സ്ക്വാഡ് ആനയെ തളയ്ക്കുകയായിരുന്നു. 

ഒളരിക്കല്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നാലെയാണ് പീച്ചി ചുണ്ടത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ട് വന്ന മറ്റൊരു ആന ഇടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത് . ഈ ആനയേയും പിന്നീട് തളച്ചു. 

അതേസമയം ആനകള്‍ ഇടഞ്ഞ സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്. മദപ്പാടിന് ശേഷം ആനയെ കൊണ്ടുവന്നത് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുമെന്ന് തൃശ്ശൂര്‍ റേ‍ഞ്ച് ഐജി സുരേന്ദ്രന്‍ അറിയിച്ചു. ചട്ട വിരുദ്ധമായാണ് ആനയെ കൊണ്ടു വന്നതെങ്കില്‍ ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.