കെഎസ്ഐഎന്‍എല്‍ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്നും ഇഎംസിസിയുമായി സർക്കാരിന്‍റെ ഒരു വകുപ്പും എംഒയു ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യ ബന്ധനത്തിനായി ആഴക്കടല്‍ വിദേശ കമ്പിനികള്‍ക്ക് തുറന്ന് കൊടുത്ത കോണ്‍ഗ്രസിന്‍റെ നയമല്ല ഈ സര്‍ക്കാരിന്‍റേത്. ആഴക്കടല്‍ മതസ്യബന്ധനത്തില്‍ കേരള തീരത്ത് വിദേശ, തദ്ദേശീയ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്ന നിലപാട് വ്യതിചലിച്ച് ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഇത് എല്‍ഡി എഫ് സര്‍ക്കാരിന്‍റെ ഉറപ്പാണ്. അതില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. കുപ്രരണം നടത്തി തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മതസ്യബന്ധനവുമായി ബന്ധപ്പെട്ട് മഹാകാര്യം എന്ന മട്ടില്‍ ചിലത് പറയുകയുണ്ടായി. ഒരുകാര്യം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കു, മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകില്ല മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനും പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടലാണ് ഈ സര്‍ക്കാര്‍ നിരന്തരം നടത്തുന്നത്. അത് ജനം തിരിച്ചറിയുന്നുണ്ട്. കുപ്രചാരണങ്ങള്‍ നടത്തി മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരെ തിരിച്ച് വിടാമെന്ന വ്യാമോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇഎംസിസി എന്ന കമ്പിനി കെഎസ്ഐഡിസിയുടെ അടുത്ത് എത്തിപ്പെടുന്നത് നേരത്തെ നടന്ന ഒരു ശ്രമത്തിന്‍റെ ഭാഗമായാണ്. ആലപ്പുഴ ജില്ലയില്‍ പള്ളിപ്പുറത്ത് കെഎസ്ഐഡിസി ഒരു മെഗാ മറൈന്‍ പാര്‍ക്ക് ആരംഭിച്ചു. അവിടെ സ്ഥലം അനുവദിക്കാന്‍ ഇഎംസിസി 2020 ഒക്ടോബറ്‍ 30ന് അപേക്ഷ നല്‍കി. അതിന്‍റെ ഭാഗമായി കെഎസ്ഐഡിസി മറുപടികത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെ സ്ഥലമെടുക്കുകയോ മറ്റ് നടപടികളോ സ്വീകരിച്ചിട്ടില്ല.

ഇഎംസിസിയുമായി സർക്കാരിന്‍റെ ഒരു വകുപ്പും എംഒയു ഒപ്പിട്ടിട്ടില്ല. പൊതു മേഖല സ്ഥാപനങ്ങൾ എംഒയു ഒപ്പിട്ടാലും സർക്കാർ പരിഗണയിൽ പിന്നീട് ആണ് എത്തുക. കെഎസ്ഐഎന്‍എല്‍ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ല. സര്‍ക്കാരിനെ അറിയിച്ചേ എംഒയു ഒപ്പിടാവൂ എന്നില്ല. എംഒയു ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. മന്ത്രിയും ബന്ധപ്പെട്ട സെക്രട്ടറിയും അറിഞ്ഞിട്ടില്ല. 

അസെന്‍റ് പോലുള്ള ഒരു മഹാ സംഗമം നടക്കുമ്പോ ഞങ്ങളിത് ചെയ്യാം എന്ന് പറഞ്ഞ് പലരും മുന്നോട്ട് വരും. അതുപോലെ ഒരു ധാരണാപത്രം ആണിതും. യാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കരാറാണ് ഇഎംസിസിയുമായി ഉണ്ടായത്. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ഇതിന് ബന്ധമില്ല. വ്യവസായ മന്ത്രിക്കു നൽകിയ നിവേദനം പ്രതിപക്ഷ നേതാവിന്റെ കയ്യിൽ എങ്ങിനെ എത്തി എന്നത് ചോദ്യം ആണ്. എന്നാല്‍ കെഎസ്ഐഎന്‍എല്‍ എംഡി യെ ആദ്യം തന്നെ സംശയത്തിന്‍റെ മുള്‍‌മുനയില്‍ നിര്‍ത്തുന്നില്ല. ആദ്യം കാര്യങ്ങള്‍ വിശദമായി മനസിലാക്കാം, പിന്നീട് നടപടികള്‍ ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ നയം രൂപീകരിച്ചിട്ടുണ്ട്. ആ നയം നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാരാണിത്. 2019 ജനവുരിയിലാണ് ഫിഷറീസ് നയം നടപ്പാക്കുന്നത്. ആഴക്കടല്‍ മത്സ്യ ബന്ധനം സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ നയത്തില്‍ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുവാദം നല്‍കാതിരിക്കാനും ഇന്ത്യന്‍ സമുദ്രാതിര്‍ത്ഥിയില്‍ പ്രവേശിപ്പിക്കാതിരിക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നതായിരുന്നു ഒരു നയം. 

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുമതി പത്രം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സര്‍ക്കാരിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും നിരന്തര എതിര്‍പ്പ് പ്രകാരം അനുമതി പത്രം നല്‍‌കില്ലെന്ന് കേന്ദ്രത്തിന് തീരുമാനമെടുക്കേണ്ടി വന്നു. ആഴക്കടല്‍ മതസ്യബന്ധനത്തില്‍ കേരള തീരത്ത് വിദേശ, തദ്ദേശീയ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്ന നിലപാടില്‍ വ്യതിചലിച്ച് ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഇത് എല്‍ഡി എഫ് സര്‍ക്കാരിന്‍റെ ഉറപ്പാണ്. അതില്‍ നിന്നും ഒരിഞ്ച് പിന്നോട്ട് പോകില്ല. തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടതില്ലെന്ന് മുഖ്യമന്ത്രി. 

കേരള തീരത്തില്‍ യന്ത്രവത്കരണ യാനങ്ങള്‍ക്ക് നിയന്ത്രണം ഫലപ്രദായി നടപ്പാക്കും എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരം പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗതമത്സത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും എന്നതാണ് സര്‍ക്കാരിന്‍റെ നയം. പുതിയ യാനങ്ങള്‍ക്ക് അനുമതി നല്‍കുക പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകളും വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നിതിനും സ്വതന്ത്രമായി വില്‍പ്പന നടത്താനുമുള്ള അവകാശം അവര്‍ക്ക് ഉറപ്പ് വരുത്തും എന്നതും നയത്തിന്‍റെ ഭാഗമാണ്. അത് തൊഴിലാളികള്‍ക്ക് വേണ്ടിയാണ്.

ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ എഴുതി കൊടുക്കുക എന്ന നയം ആരാണ് കൊണ്ടുവന്നത് എന്ന് പ്രതിപക്ഷ നേതാവിന് ഓര്‍മ്മയുണ്ടാകേണ്ടതാണ്. കോണ്‍ഗ്രസാണ് ആ നയം തുടങ്ങിയത്. നരസിംഹറാവുവിന്‍റെ കാലത്താണ് വിദേശ ഭീമന്മാര്‍ക്ക് വേണ്ടി നയം കൊണ്ട് വന്നത്. അതിനെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിന്. ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സര്‍ക്കാരിനെ സ്വാധീനിക്കുന്നത്. മത്സ്യ ബന്ധനത്തിനായി ആഴക്കടല്‍ വിദേശ കമ്പിനികള്‍ക്ക് തുറന്ന് കൊടുത്ത കോണ്‍ഗ്രസിന്‍റെ നയമല്ല ഈ സര്‍ക്കാരിന്‍റേത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.