വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് എമർജൻസി ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു.

കൊച്ചി : ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് എട്ടരയോടെ നെടുമ്പാശ്ശേരിൽ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലും പരിസരത്തും എമർജൻസി പ്രഖ്യാപിക്കുകയും സമീപത്തെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ 8.26 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാത്രമാണ് യാത്രക്കാർ സംഭവം അറിഞ്ഞത്. വിമാനത്തിന്‍റെ തകരാർ പരിഹരിച്ച് ഡിജിസിഎ പരിശോധന കഴിഞ്ഞ ശേഷം മാത്രമാകും ഇനി സർവ്വീസ് നടത്തുക.

സമാനമായ രീതിയിൽ ഇന്നലെ ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കിയിരുന്നു. ഇന്നലെ രാത്രി 11.45ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി. യാത്ര പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂറോളം ആയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുള്ള വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം ലാന്റ് ചെയ്യുകയും ചെയ്‍തു. വിമാനം പുറപ്പെടുമ്പോള്‍ തന്നെ അസാധാരണമായ ശബ്‍ദമുണ്ടായിരുന്നുവെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്. 

കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം തിരിച്ചിറക്കി.

ലക്നൗവിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി

അതേ സമയം, ലക്നൗവിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലക്നൗവിൽ നിന്നും കൊൽക്കത്തയിലെക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്. യാത്രക്കാരെ ലക്നൗ വിമാനത്താവളത്തിലാണ് ഇറക്കിയത്.