Asianet News MalayalamAsianet News Malayalam

പട്ടിണി കാരണം വിൽക്കേണ്ടി വന്ന സ്വർണ്ണ മെഡൽ, ജാതിവിവേഹനത്തിനെതിരെ പോരാടിയ ജീവിതം‍; എം കുഞ്ഞാമന് വിട

ജാതി വിവേചനത്തിനെതിരെ പടപൊരുതി രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനിലേക്കുള്ള ഡോ. എം കുഞ്ഞാമൻ്റെ ജീവിതം സംഭവ ബഹുലമായിരുന്നു.

Eminent economist and Dalit thinker Dr M Kunjaman has passed away nbu
Author
First Published Dec 3, 2023, 7:00 PM IST

പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമന് വിട. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാതി വിവേചനത്തിനെതിരെ പടപൊരുതി രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനിലേക്കുള്ള ഡോ. എം കുഞ്ഞാമൻ്റെ ജീവിതം സംഭവ ബഹുലമായിരുന്നു. എം എ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സർക്കാർ സമ്മാനിച്ച സ്വർണ്ണ മെഡൽ പട്ടിണി കാരണം വിൽക്കേണ്ടിവന്നതടക്കമുള്ള ഒരുപാട് ദുരനുഭവങ്ങൾ അനുഭവകഥയിൽ കുഞ്ഞാമൻ എഴുതിയിരുന്നു.

ജന്മിമാരുടെ വീട്ടിലെ തൊടിയിൽ മണ്ണ് കുഴിച്ച് ഇലയിട്ട് തരുന്ന കഞ്ഞിയും എച്ചിലും തിന്ന കാലം. സ്കൂളിൽ ജാതിപ്പേര് മാത്രം വിളിച്ച് പരിഹസിച്ച അധ്യാപകനോട് പേര് വിളിക്കാൻ പറഞ്ഞപ്പോൾ മുഖത്തടിയേറ്റ അനുഭവം. കരഞ്ഞ് വീട്ടിലെത്തിയപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മകനെ, നന്നായി വായിച്ചുപഠിക്കൂ എന്ന് അമ്മ. കഞ്ഞി കുടിക്കാനല്ല സ്കൂളിൽ പോകുന്നതെന്ന് അമ്മ നൽകിയ തിരിച്ചറിവാണ് കുഞ്ഞാമനെ ലോകമറിയുന്ന നിലയിലേക്കെത്തിച്ചത്. കെആർ നാരായണന് ശേഷം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം എ ജയിച്ച ദളിത് വിദ്യാർത്ഥി. അന്ന് മന്ത്രിമാർ സമ്മാനിച്ച സ്വർണ്ണമെഡൽ പാലക്കാട്ടെ വാടാനകുറിശ്ശിയില വീട്ടിലെത്തിയതിൻറെ പിറ്റേന്ന് പണയം വെച്ചു. പത്ത് ദിവസം കഴിഞ്ഞ് വിറ്റു. അത്ര മേൽ ഉണ്ടായിരുന്ന പട്ടിണിയെ ചെറുത്തായിരുന്നു പഠനവും പോരാട്ടവും.

കേരള സർവ്വകലാശാലയിലെ ലക്ചറർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കും തടസ്സമായി ജാതി. പിന്നീട് ഇതേ സർവ്വകലാശാലയിൽ 27 വർഷം അധ്യാപകൻ. പ്രമുഖരായ ശിഷ്യർ..കാര്യവട്ടത്ത് നിന്നും മുംബെയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഫസറായി. സാമ്പത്തിക ശാസ്ത്രത്തിലെ വികസനോന്മുഖ കാഴ്ചപ്പാടായിരുന്നു എ്നും മുന്നോട്ട് വെച്ചത്.  ഇടതിനോട് ആഭിമുഖ്യമുള്ളപ്പോഴും വിയോജിപ്പുകൾ തുറന്നുപറയാനും ഒട്ടും മടിച്ചില്ല. കേരളത്തിലെ സമീപകാല ദളിത് പോരാട്ടങ്ങളിലെല്ലാം പിന്തുണയുമായി കുഞ്ഞാമൻ നിലയുറപ്പിച്ചു. ജാതീയതക്കെതരായ പോരാട്ടമായ ജീവചരിത്രത്തിന് കഴിഞ്ഞ വർഷം കേരള സാഹിത്യ അക്കാദമി അവാ‍ഡ് കിട്ടിയെങ്കിലും അവാർഡ് നിരസിച്ചു. ഒരു മനുഷ്യൻ താൻ ജനിച്ച ജാതിയുടെ പേരിൽ എത്രമാത്രം അവഗണിക്കപ്പെട്ടന്നതിൻറെ നേർസാക്ഷ്യമായിരുന്നു കുഞ്ഞാമൻ്റെ ജീവിതം. അതേ സമയം ഏത് വെല്ലുവിളികളെയും പോരാടി തോല്പിക്കാമെന്ന് തെളിയിച്ചതിൻറെും ഇതിലും മികച്ച മാതൃകയുമില്ല

Latest Videos
Follow Us:
Download App:
  • android
  • ios