Asianet News MalayalamAsianet News Malayalam

'അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു'; തോമസ് ഐസക്കിനെതിരെ ഇഡി

'അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്'.

Enforcement directorate affidavit against dr. thomas isaac
Author
First Published Sep 24, 2022, 2:34 PM IST

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി  ഹൈക്കോടതിയെ അറിയിച്ചു. ഇഡി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ഐസക്  ശ്രമിക്കുന്നുവെന്നും വസ്തുത വിരുദ്ധമായ ആരോപണമാണ് ഇ ഡിക്കെതിരെ നടത്തുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാനാണ് തോമസ് ഐസക്കിന്‍റെ ശ്രമം. അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്.   അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാൽ ഐസകിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് സാധിക്കില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് സമൻസ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി.

മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മസാല ബോണ്ട് കേസിൽ ഇ ഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിശദീകരണം നല്‍കും വരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ ഡി കോടതിയെ അറിയിച്ചു.

താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടിയത്. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹർജിയിൽ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു. സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. സമൻസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബി ആവശ്യം കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios