തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക നടപടികളിലേക്ക് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നിങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഈ മാസം 10 ന് ചോദ്യം ചെയ്യും. 10 ന് ഹാജരാക്കാൻ ഇ ഡി നോട്ടീസ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പിലെ  രണ്ടാംഘട്ട  വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യാനെത്താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യലിനെത്താനാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡാനന്തര അസുഖങ്ങളെന്ന പേരിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് സിപിഎം ഇടപെടുകയും ഗുരുതര പ്രശ്നങ്ങളില്ലെങ്കിൽ എത്രയും പെട്ടന്ന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊവിഡ് ഭേദമായിട്ടും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.സ്വർണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനിലേക്ക് എത്തുന്നതിനെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പട്ടാൽ ഉടൻ ഹാജരാകുന്നതാണ് നല്ലതെന്നുമായിരുന്നു നേതാക്കളുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്. പിന്നാലെ ഉന്നതരുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നു. ശിവശങ്കറും സമാനമായ ആരോപണം അന്വേഷണ ഏജൻസികൾക്കെതിരെ എഴുതി നൽകിയിട്ടുണ്ട്.