Asianet News MalayalamAsianet News Malayalam

'സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്റെ ബിനാമി', തിരുവനന്തപുരത്തെ സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമെന്നും ഇഡി

ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫ് കൈവശം വെക്കുകയായിരുന്നുവെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നുമാണ് എൻഫോഴ്സ് മെന്റ് കണ്ടെത്തൽ.

enforcement directorate more allegations against binesh kodiyeri
Author
Bengaluru, First Published Nov 3, 2020, 8:07 AM IST

ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എന്‍ഫോഴ്സ്മെന്‍റ്  പറയുന്നത്.  ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്സ് മെന്റ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തില്‍ പരിശോധിക്കും. 

കോടതിയില്‍ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടില്‍ ബിനീഷിനെതിരെയുള്ള ഇഡിയുടെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുന്നുണ്ട്. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി. ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്. 

മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ ബിനാമിയാക്കിയും ബിനീഷ് കേരളത്തിലും കർണാടകത്തിലും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികൾ രൂപീകരിച്ചു. ഈ കമ്പനികളെ കുറിച്ചും അന്വേഷണം വേണം. ബിനീഷ് ദുബായിലായിരിക്കുന്ന സമയത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും തങ്ങൾക്ക് കൂടുതലന്വേഷിക്കണം. ബിനീഷ് കൊക്കെയ്നടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചതായും , ലഹരിവസ്തുക്കൾ വില്‍പന നടത്തിയതായും അന്വേഷണത്തിനിടെ ചിലർ തങ്ങൾക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios