തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നാളെ  ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ. ആശുപത്രിയിലായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹം സമയം നീട്ടി ചോദിച്ചാൽ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കും. വീണ്ടും നോട്ടീസ് നൽകാൻ നിയമപരമായി തടസമില്ലെന്നും എൻഫോഴ്സ്മെന്റ് വ്യത്തങ്ങൾ വ്യക്തമാക്കി. 

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം ഇത് മൂന്നാം തവണയാണ് സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. ഒക്ടോബറിൽ ആദ്യമായി നോട്ടീസ് നൽകിയതിന് പന്നാലെ രവീന്ദ്രൻ കൊവിഡ് പൊസിറ്റീവായി ക്വാറൻ്റൈനിൽ പ്രവേശിച്ചു. പിന്നീട് കൊവിഡ് മുക്തനായി ആശുപത്രി വിട്ട അദ്ദേഹത്തിന് രണ്ടാമത്തും ഇഡി നോട്ടീസ് നൽകിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. നാളെ രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.