ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് രാവിലെ 5.30 മുതല്‍ ഇ.ഡിയുടെ പരിശോധന നടക്കുന്നത്.

തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ കണ്ടല സര്‍വ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടൽ. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടക്കുന്നത്. സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്‍റെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.

അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് ഇഡി പരിശോധിക്കുന്നത്. പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെയും പേരൂര്‍ക്കടയിലെ മുൻ സെക്രട്ടറി മോഹന ചന്ദ്രന്‍റെ വീട്ടിലും കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും അടക്കം ആറിടങ്ങളിലാണ് പരിശോധന. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് പണം നഷ്ടപ്പെട്ടവും ബാങ്ക് പരിസരത്ത് എത്തിയിരുന്നു.

101 കോടിയുടെ ആസ്തി ശോഷണം ബാങ്കിന് സംഭവിച്ചിട്ടുണ്ടെന്നും 35 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയ തുക ഭാസുരാംഗനിൽ നിന്നും കുടുംബാഗംങ്ങളിൽ നിന്നും മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ച് പിടിക്കണമെന്നാണ് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ സാങ്കേതിക കാലതാമസത്തിലും മെല്ലപ്പോക്കിലുമിടെയാണ് ഇഡി പരിശോധന. ക്രമക്കേടിൽ അറുപതോളം എഫ്ഐആറുകൾ ഉണ്ടായിട്ടും പൊലീസ് നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പരിശോധനക്ക് ശേഷം ഇഡി സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്