കണ്ണൂര്‍: ബിനീഷ് കൊടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ വീട്ടില്‍ എന്‍ഫോഴ്‍സ്‍മെന്‍റ് നടത്തിയ പരിശോധന കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയില്‍ നിരവധി രേഖകള്‍ ഇഡിയ്ക്ക് ലഭിച്ചെന്നാണ് വിവരം. കത്തിച്ച നിലയില്‍ ചാക്കില്‍ രേഖകള്‍ ഇഡി കണ്ടെത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്. 

ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്‍റ് വിഭാഗവും ബിനീഷിന്‍റെ കുടുംബവും തമ്മിൽ തർക്കം തുടരുകയാണ്. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ പിടിയിലായ അനൂപ് മുഹമ്മദിന്‍റെ പേരിലുള്ള എടിഎം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇത് ബിനീഷിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് എൻഫോഴ്സ്മെന്‍റ് വാദിക്കുന്നു. എന്നാൽ കാർഡ് എൻഫോഴ്സ്മെന്‍റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്‍റെ കുടുംബം ഉന്നയിക്കുന്നത്.

ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്‍റെ ഭാര്യയും ബന്ധുക്കളും ഇഡിയുടെ രേഖകളിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു. തർക്കം രൂക്ഷമായതോടെ തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ മുരുക്കുമ്പുഴ വിജയകുമാർ ബിനീഷിന്റെ വീട്ടിലെത്തി. തലസ്ഥാനത്തെ സി പി എം പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം.