കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ അന്വേഷണത്തിനായി ഇഡി കാസര്‍കോട്. എം സി കമറുദ്ദീന്‍ എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ് ഉദ്യോഗസ്ഥരാണ് കാസര്‍കോട്ടെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഇഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. 

അതേസമയം കാസർകോ‍ഡ് ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎയ്ക്ക് മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോകണമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം നൽകിയത്. 

85 കേസുകളിൽ കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാരും അറിയിച്ചു. കേസുളള പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് വ്യവസ്ഥകൾ.  മൂന്ന് കേസുകളിൽ ജാമ്യം കിട്ടിയെങ്കിലും നിലവിലെ അവസ്ഥയിൽ പുറത്തിറങ്ങാനാകില്ല. മറ്റ് 82 കേസുകളിൽ കൂടി ജാമ്യം നേടേണ്ടതുണ്ട്. ഇതിനായി അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കുമെന്നാണ് വിവരം.