കളളപ്പണ വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരായേക്കും. 

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ ഫിനാൻസ് മാനേജർ സമീറിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറി. പണം പിൻവലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നൽകാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി. കളളപ്പണ വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരായേക്കും.

പാലാരിവട്ടം മേൽപ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നിർദേശപ്രകാരം ഇഡി എടുത്ത കേസിലാണ് ചോദ്യം ചെയ്യൽ. കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയുണ്ട്.

എന്നാൽ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകുന്നതിന് ചില പ്രയാസം ഉണ്ടെന്നും മറ്റൊരു ദിവസം നൽകണം എന്നുമാണ് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. നേരത്തെ ഒരു തവണ അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് സമയം നീട്ടി നൽകിയിരുന്നു. ചന്ദ്രിക ദിനപത്രം വഴി കള്ളപ്പണം ഇടപാട് നടന്നതിൽ ഏഴ് തെളിവുകൾ ഇഡിക്ക് നൽകി എന്ന് കെടി ജലീൽ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona