Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരിയുടെ വീട് അടക്കം എട്ട് ഇടങ്ങളിൽ ഒരേ സമയം എൻഫോഴ്സ്മെന്‍റ് റെയ്ഡ്

ബിനീഷ് കോടിയേരിയുടെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീടുകളിലും, കാ‍ർ പാലസിന‍്‍റെ ഓഫീസിലുമാണ് റെയ്ഡ്.

Enforcement Raid at six places related Bineesh Kodiyeri
Author
Thiruvananthapuram, First Published Nov 4, 2020, 10:51 AM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച് ഒരേ സമയം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബംഗളൂരു എൻഫോഴ്സ്മെന്‍റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീടുകളിലും, കാ‍ർ പാലസിന‍്‍റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദ് പദ്മനാഭന്‍റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് ബംഗളൂരുവില്‍ നിന്നുള്ള ഇ ഡി സംഘം റെയ്ഡ് നടത്തുന്നത്. ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസിന്‍റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. തിരുവനന്തപുരത്ത് മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ എത്തിയാണ് വീട് തുറന്ന് നൽകിയത്. അര മണിക്കൂറോളം ഉദ്യോഗസ്ഥര്‍ വീടിന് മുന്നിൽ കാത്ത് നിന്നിരുന്നു. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ മരുതംകുഴിയിലെ കോടിയേരി എന്ന് പേരുള്ള വീട്ടിൽ നിന്ന് കുടുംബാംഗങ്ങൾ താമസം മാറിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നത്. 

ബിനീഷിന്‍റെ ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിന്റെ വീട്ടിലും കാര്‍ പാലസ് എന്ന് പേരുള്ള സ്ഥാപനത്തിലും റെയ്ഡ് നടക്കുകയാണ്. ബിനീഷിന്റെ ബിനാമി എന്നു സംശയിക്കുന്ന അബ്ദുൾ ജാഫറിന്റ വീട്ടിലും രാവിലെ തന്നെ ഉദ്യോസ്ഥര്‍ പരിശോധനക്ക് എത്തി.  ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദ് പദ്മനാഭന്റെ കുടപ്പനകുന്നിലെ വീട്ടിലും കെകെ റോക്ക്സ് ഉടമ അരുൺ വർഗീസിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പുറമെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡി  കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം.കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി  ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്‍റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്.

തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്. സാമ്പത്തിക ഇടപാടുകൾക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങൾ എത്തുന്ന രീതിയിലേക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇതിന്റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios