കൊച്ചി: സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ള ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ തുകയല്ലെന്ന് തെളിയിക്കുന്ന ഒരു മൊഴി കൂടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുറത്ത് വിട്ടു.  സ്വപ്നക്ക്  കമ്മീഷൻ നൽകിയിട്ടില്ലന്ന് സെയ്ൻ വെഞ്ചേഴ്സ് ഉടമ വിനോദും  മൊഴി നൽകിയതായി ഇന്ന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണിതെന്നാണ് എന്‍ഫോഴ്സ്മെന‍്റ് ഡയറക്ടറേറ്റിന്‍റെ വാദം. 

സ്വപ്ന ,സന്ദീപ്, സരിത് എന്നിവരുടെ  ജുഡീഷ്യല്‍ കസ്റ്റ‍ഡി നീട്ടണം എന്നാവശ്യപ്പെട്ട് നല്കിയ  റിപ്പോര്‍ടിലാണ് എന്‍ഫോഴ്സ്മെന‍്റ് ഡയറക്ടറേറ്റിന്‍റെ വെളിപ്പെടുത്തല്‍. ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷന്‍ തുക ആണെന്നാണ് സ്വപ്നയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് സെയ്ൻ വെഞ്ചേഴ്സ് ഉടമ വിനോദും  മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിൽ  പറയുന്നു. വടക്കാഞ്ചേരിയില്‍ ഫ്ലാറ്റിനൊപ്പം നിര്‍മിക്കുന്ന ആശുപത്രിക്കെട്ടിടത്തിന്‍റെ കരാറുകാരാണ് സെയിന‍് വെഞ്ചേഴ്സ്. കമ്മീഷൻ തുക സ്വപ്നയക്ക് കൈമാറിയിട്ടില്ലെന്ന് വിനോദ് വ്യക്തമാക്കുന്നു. 

സ്വപ്ന ,സന്ദീപ്,സരിത് എന്നിവര്‍ ചേര്‍ന്ന് ആറ് ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടതെന്ന് നേരത്തെ ഫ്ലാറ്റിന്‍റെ കരാറുകാരായ യൂണിടാകിന‍്റെ ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്കിയിരുന്നു.  ഇത് ഏകദേശം ഒരു കോടി രൂപ വരും .തുടര്‍ന്ന് ആദ്യ ഗഡുവായ 55 ലക്ഷം രൂപ കൈമാറിയത് സന്ദീപിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണെന്നും സന്തോഷ് വ്യക്തമാക്കി. പിന്നീട് മൂവരും ഇത് വീതിച്ചെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലോക്കറില്‍ കണ്ടെത്തിയത് കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം ആണെന്ന് എന്‍ഫോഴ്സ്മെന‍്റ് ഡയറക്ടറേറ്റ് വാദിക്കുന്നു. ബാങ്ക് ലോക്കറിന്റെ സംയുകത ഉടമയാണ് താനെന്ന് ചാർട്ടേഡ് അക്കൗണ്ടന്റും ശിവശങ്കറിന്റെ സുഹൃത്തുമായ വേണുഗോപാൽ അയ്യർ സമ്മതിച്ചതായും  റിപ്പോർട്ടിലുണ്ട്.   അത് കൊണ്ട് തന്നെ ലോക്കറിലെ പണത്തിനും സ്വർണത്തിനും തനിക്ക് കൂടി ഉത്തരവാദിത്തമുണ്ട്. എന്നാൽ പണത്തിൻ്റെ ഉറവിടം സ്വപ്ന തന്നോട്  പറഞ്ഞിട്ടില്ലെന്നും അയ്യരുടെ മൊഴിയില്‍ പറുയുന്നു.
 

Read Also: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തണം, ഗവർണര്‍ വിശദീകരണം തേടണം; പികെ കുഞ്ഞാലിക്കുട്ടി...