നാളെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി എസ് രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. പല ഇടപാടുകളിലും രവീന്ദ്രൻ്റെ പങ്കും അന്വേഷണ പരിധിയിൽ ഉള്‍പ്പെടുന്നു. 

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഏഴ് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെടുക. നാളെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി എസ് രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് രവീന്ദ്രനെ മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്‍റ് വിളിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല ഇടപാടുകളിലും രവീന്ദ്രൻ്റെ പങ്കും അന്വേഷണ പരിധിയിൽ ഉള്‍പ്പെടുന്നു. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് എംഡി ആദിത്യ നാരായണ റാവുവിനോടും നാളെ കൊച്ചിയിൽ ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി മോഡലിൽ ലൈഫ് മിഷൻ കരാർ അദിത്യയ്ക്ക് ലഭിച്ചിരുന്നു. സ്വപ്നയെ ഇടനിലക്കാരിയാക്കിയാണ് ഈ കരാറും നൽകിയത്. അതേസമയം, ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് ഇന്ന് കോടതിയിൽ ഹാജരാക്കും. 

ശിവശങ്ക‍ർ സമർപ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. എന്നാൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകാനാണ് എൻഫോഴ്സ്മെന്‍റിന്റെ തീരുമാനം. ചോദ്യം ചെയ്യലിൽ എം ശിവശങ്കറിൽ നിന്ന് കിട്ടിയ പ്രധാന വിശദാംശങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും. ഇതിനിടെ ഡോളർ കടത്തുകേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസും നീക്കം തുടങ്ങി. എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം നടപടികൾ ആരംഭിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.