ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹര്‍ജി പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തെന്നും വിമർശിച്ച കോടതി സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന നിയമം പാലിക്കപ്പെട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു.

ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. എഡിജിപി സ്ഥാനത്തുള്ള എംആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിക്ക് വേണ്ടിയുള്ള ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്പെൻഷൻ ലഭിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ് ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കും.