വിഴിഞ്ഞത് നിന്നും നാല് നോട്ടിക്കൽ മൈൽ അകലെയായി പൂന്തുറ സ്വദേശി ദേവദാസിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കഴിഞ്ഞ ദിവസം എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായി കടലിലകപ്പെട്ട മൂന്ന് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. വിഴിഞ്ഞത് നിന്നും നാല് നോട്ടിക്കൽ മൈൽ അകലെയായി പൂന്തുറ സ്വദേശി ദേവദാസിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കഴിഞ്ഞ ദിവസം എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്. വള്ളത്തിലുണ്ടായ ദേവദാസ് (48), ഫ്രാൻസിസ് (52), സേവ്യർ (55) എന്നിവരെയാണ് മറൈൻ എൻഫോസ്‌മെന്‍റ് രക്ഷപ്പെടുത്തിയത്. 

വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറിസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്. രാജേഷിന്‍റെ നിർദ്ദേശ പ്രകാരം മറൈൻ എൻഫോസ്‌മെന്‍റ് സിപിഒമാരായ അജീഷ് കുമാർ, സുരേഷ് കുമാർ, ഗാർഡുമാരായ ഹസൻ കണ്ണ്, മാർട്ടിൻ, ബോട്ട് സ്രാങ്ക് ബിജു, ഡ്രൈവർ ഉപരാജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. തകരാറിലായ വള്ളത്തെയും തൊഴിലാളികളെയും സംഘം സുരക്ഷിതമായി വിഴിഞ്ഞം വാർഫിൽ എത്തിച്ചു.