പാലക്കാട് ജില്ലയിലെ സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റികളും വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റികളും വിഭജിക്കാനുള്ള തീരുമാനമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് റദ്ദാക്കിയത്.
പാലക്കാട്: സിപിഎം ലോക്കൽ കമ്മിറ്റി വിഭജനങ്ങള്‍ റദ്ദാക്കി. പാലക്കാട് ജില്ലയിലെ സിപിഎം (cpm) പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റികളും വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റികളും വിഭജിക്കാനുള്ള തീരുമാനമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് റദ്ദാക്കിയത്. വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം സമ്മേളനങ്ങളില്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം തീരുമാനം റദ്ദാക്കിയത്. ഏരിയാ കമ്മിറ്റിക്ക് കീഴില്‍ കടുത്ത വിഭാഗീയതയാണുള്ളതെന്ന് എ പ്രഭാകരന്‍ എംഎല്‍എ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
വാളയാര്‍ ലോക്കല്‍ സമ്മേളനത്തിനിടെ കമ്മിറ്റി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ അംഗങ്ങള്‍ പരസ്പരം പോരടിച്ചിരുന്നു. കസേരയും മേശയും തകര്‍ത്തു. വേദിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ സമ്മേളനം നിര്‍ത്തിവച്ചു. എലപ്പുള്ളി ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാക്കാനായില്ല. പുതുശേരി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ രൂക്ഷമായ വിഭാഗീയതയാണ് പരസ്യ വിഴുപ്പലക്കലിലേക്ക് എത്തിയതെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിഭജന നടപടികള്‍ റദ്ദാക്കാനുള്ള തീരുമാനമുണ്ടായത്.
എലപ്പുള്ളി, വാളയാര്‍ ലോക്കല്‍ കമ്മിറ്റിയ്ക്കൊപ്പം പാലക്കാട് ജില്ലയിലെ കണ്ണാടി, പൊല്‍പ്പുള്ളി, മരുതറോഡ് ഏരിയാ കമ്മിറ്റികളും വിഭജിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടേറിയേറ്റംഗം ഇ എന്‍ സുരേഷ് ബാബു എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. നവംബര്‍ 27, 28 തിയതികളില്‍ എലപ്പുള്ളിയിലാണ് പുതുശ്ശേരി ഏരിയ സമ്മേളനം. ഇനി ശേഷിക്കുന്ന ലോക്കല്‍ സമ്മേളനങ്ങല്‍ ജില്ലാ നേതൃത്വത്തിന്‍റെ കര്‍ശന നിരീക്ഷണത്തിലാവും നടത്തുക.
