പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോര്‍ജ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


പത്തനംതിട്ട: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോര്‍ജ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനമേളയ്‌ക്കൊപ്പം കലാ, സാംസ്‌കാരിക പരിപാടികളും ഇനിയുള്ള ഏഴ് ദിവസം ജില്ലയുടെ ദിനങ്ങളെ ധന്യമാക്കും. നാടന്‍ പാട്ടിന്റെ മേളപ്പെരുക്കത്തോട് കൂടിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശരത് മണ്ണാറമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും ശിങ്കാരിമേളവും ഉദ്ഘാടന വേദിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയിലാക്കി.

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ്ജ് പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തെ മറ്റേതു ഭരണാധികാരിയും ചിന്തിക്കുന്നതിനപ്പുറമുള്ള വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും ബി.എംആന്‍ഡ് ബി.സി. നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും എംഎല്‍എ പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളും ജനങ്ങളില്‍ എത്തിക്കുകയാണ് ഈ പ്രദര്‍ശനമേളയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടക്കം ശീതീകരിച്ച 179 സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുക. ഇതില്‍ 79 സ്്റ്റാളുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതാണ്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു കുതിക്കാന്‍ വ്യവസായ സംരംഭങ്ങള്‍ക്കും കലാകാരന്മാര്‍ക്കും വിവിധ മേഖലകളിലുള്ളവര്‍ക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

വിനോദസഞ്ചാര മേഖലയിലെ സവിശേഷതകള്‍ വ്യക്തമാക്കുന്ന കേരളത്തെ അറിയാം പ്രദര്‍ശനം, നമ്മുടെ നാടിന്റെ ചരിത്രവും അഭിമാനവും നേട്ടങ്ങളും പ്രതീക്ഷകളും ഭാവിയും വിവരിക്കുന്ന എന്റെ കേരളം പ്രദര്‍ശനം എന്നിവ കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവവും വിജ്ഞാനവും പകര്‍ന്നുനല്‍കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈവിധ്യമായ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളയും ഒരുങ്ങുന്നുണ്ട്. ഇതോടൊപ്പം കാര്‍ഷിക പ്രദര്‍ശന വിപണന മേള, നവീന സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന ടെക്‌നോ ഡെമോ എന്നിവയും മേളയുടെ സവിശേഷതയാണ്. ജില്ലയില്‍നിന്നുള്ള വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുമാണ് ടെക്‌നോ ഡെമോ സംഘടിപ്പിക്കുന്നത്. ഈ യുവ പ്രതിഭകളുടെ കഴിവ് തിരിച്ചറിയാനും അവര്‍ക്ക് ആവശ്യമായ സമൂഹപിന്തുണ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഏഴു ദിവസവും രാവിലെ സെമിനാറുകളും വൈകുന്നേരങ്ങളില്‍ കലാസാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. പാരമ്പര്യ കലകള്‍ക്കും കലാരൂപങ്ങള്‍ക്കും മേളയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജില്ലാ കഥകളി ക്ലബ്ബ് അവതരിപ്പിക്കുന്ന കഥകളി, ആറന്‍മുള, ശ്രീ ഷഡങ്കുര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ നയിക്കുന്ന പാട്ടുപടേനി, വേലകളി, ബോഡുബെറു നാടന്‍ സംഗീതം, യൗവന ഡ്രാമാ വിഷന്റെ നാടകം, ഗസല്‍ സന്ധ്യ, സാംസ്‌കാരിക വകുപ്പിന്റെ നേതൃത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങളുടെ അവതരണം, സുനില്‍ വിശ്വത്തിന്റെ പാട്ടുകളം, അപര്‍ണ രാജീവിന്റെ സ്മൃതി സന്ധ്യ, കരുനാഗപ്പള്ളി ഗിരീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി, രാഹുല്‍ കൊച്ചാപ്പിയും സംഘത്തിന്റെയും പാട്ടുവഴി, പ്രശസ്ത സിനിമാ സീരിയല്‍, താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലയും സംഘവും അവതരിപ്പിക്കുന്ന കോമഡി മിമിക്രി മഹാമേള, വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.

വിന്റേജ് വാഹനങ്ങളുടെ പ്രദര്‍ശനവും ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പോലീസ് ഡോഗ്‌സ്‌ക്വാഡിന്റെ ഡോഗ് ഷോയും. സര്‍ക്കാരിന്റെ സേവനങ്ങളെ കൂടുതല്‍ അടുത്തറിയാനും മേള സഹായകരമാകും. മേളയ്ക്ക് മുന്നോടിയായി പ്രൗഢഗംഭീരമായ വിളംബരറാലി നടന്നിരുന്നു. റാലിയില്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയുണര്‍ത്തുന്ന ഫ്‌ളോട്ടുകളും അണിനിരന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാഷ്‌മോബ്, ചിത്രരചനാ മത്സരം, റാലികള്‍ തുടങ്ങിയവ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിരുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.